പശ്ചിമബംഗാളിൽ ബിജെപി ടിക്കറ്റിൽ വിജയിച്ച പകുതിപേരും ക്രിമിനലുകൾ; എംഎൽഎമാർ ബലാത്സംഗ-കൊലപാതക കേസ് പ്രതികളെന്ന് എഡിആർ

ന്യൂഡൽഹി: പശ്ചിമ ബംഗാൾ പിടിച്ചെടുക്കാനായി ബിജെപി കളത്തിലിറക്കി വിജയം കണ്ടവരിൽ പകുതി പേരും ക്രിമിനൽ കേസ് പ്രതികളെന്ന് റിപ്പോർട്ട്. ബിജെപി എംഎൽഎമാരായവരിൽ പകുതിയിലധികം പേരും ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട (എഡിആർ) റിപ്പോർട്ടിലാണ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, തൃണമൂൽ കോൺഗ്രസിന്റെ മൂന്നിലൊന്ന് എംഎൽഎമാരും മേൽപ്പറഞ്ഞ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. കണക്കുകൾ പ്രകാരം തൃണമൂലിന്റെ 213 എംഎൽഎമാരിൽ 73 പേരും ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

ആകെ 77 സീറ്റുകളിലാണ് ബിജെപിക്ക് ബംഗാളിൽ വിജയിക്കാനായത്. ഇതിൽ 65 ശതമാനം ആളുകളും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് എഡിആർ ബുധനാഴ്ച്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 39 എംഎൽഎമാർക്കെതിരെ കൊലപാതക ശ്രമം അടക്കമുള്ള കേസുകളാണ് നിലവിലുള്ളത്.

ബംഗാളിലെ ആകെ എംഎൽഎമാരുടെ എണ്ണം 292 ആണ് ഇതിൽ 142ൽ 49ശതമാനവും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. അതിൽ തന്നെ 113ൽ 39 ശതമാനവും ഗുരുതരമായ ക്രിമിനൽ കേസുകളിലും പ്രതികളാണ്. കണക്കനുസരിച്ച് 10 പേർ കൊലപാതക കേസിലും ഒരാൾ ബലാത്സംഗ കേസിലും പ്രതിയാണ്. 30പേർക്കെതിരെയാണ് കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുള്ളത്. 292 എംഎൽഎമാരിൽ 158എംഎൽഎമാരും കോടിപതികളുമാണ്. തൃണമൂലിന്റെ 132 എംഎൽഎമാരും ബിജെപിയുടെ 25 എംഎൽഎമാരും ഒരു സ്വതന്ത്രനുമടക്കം ഒരു കോടിയിലധികം സമ്പാദ്യം ഉള്ളവരാണെന്നും കണക്കുകളിൽ നിന്നും വ്യക്തമാണ്.

എഡിആർ പുറത്തിറക്കിയിട്ടുള്ള ഈ പട്ടിക ദി പ്രിന്റ് അടക്കമുള്ള ദേശീയ മാധ്യമങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Exit mobile version