വരൻ നിരക്ഷരൻ; രണ്ടിന്റെ ഗുണനപ്പട്ടികയും അറിയില്ല; മണ്ഡപത്തിൽ നിന്നും വധു ഇറങ്ങിപ്പോയി; വിവാഹം മുടങ്ങി; ഒടുവിൽ പോലീസിന്റെ മധ്യസ്ഥതയിൽ പ്രശ്‌നപരിഹാരം

wedding

ലഖ്‌നൗ: നിരക്ഷരനായ യുവാവിനെ വിവാഹം കഴിക്കാനാകില്ലെന്ന് അറിയിച്ച് വിവാഹ മണ്ഡപത്തിൽ നിന്നും വധു ഇറങ്ങിപ്പോയി. വരണമാല്യവുമായി വരൻ സമീപിച്ച ഉടനെ വധു യുവാവിനെ പരീക്ഷിക്കാനായാണ് ചെറിയ ഗണിതപരീക്ഷയ്ക്ക് മുതിർന്നത്. എന്നാൽ രണ്ടിന്റെ ഗുണനപ്പട്ടിക പോലും ചൊല്ലാനറിയാത്ത നിരക്ഷരനാണ് വരനെന്ന് തിരിച്ചറിഞ്ഞതോടെ വധു വിവാഹത്തിൽ താൽപര്യമില്ലെന്ന് അറിയിച്ച് മണ്ഡപത്തിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

ഉത്തർപ്രദേശിലെ മഹോബയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വിവാഹം നടക്കേണ്ടിയിരുന്നത്. ഇരുവീട്ടുകാരും പറഞ്ഞുറപ്പിച്ചതായിരുന്നു വിവാഹം. എന്നാൽ വരൻ വിവാഹ മാലയുമായി വധുവിന്റെ അരികിലെത്തിയ സമയത്ത് വരൻ പറഞ്ഞ വിദ്യാഭ്യാസ യോഗ്യതയിൽ സംശയം തോന്നിയ വധു അയാളോട് രണ്ടിന്റെ ഗുണനപ്പട്ടിക പറയാൻ ആവശ്യപ്പെടുകയായിരുന്നു. അതിനുശേഷം വരണമാല്യം ചാർത്താമെന്നും പറഞ്ഞു. പക്ഷെ, വരന് ഗുണനപ്പട്ടിക അറിയില്ലായിരുന്നു. ഇതോടെ വധു വിവാഹം വേണ്ടെന്ന് തീരുമാനിച്ചു.

ഇതോടെ ഇരുവീട്ടുകാരും തമ്മിൽ തർക്കവുമായി ഒടുവിൽ പോലീസ് എത്തിയാണ് പ്രശ്‌നം രമ്യമായി പരിഹരിച്ചത്. ഇരുവീട്ടുകാരും കൈമാറിയ സമ്മാനങ്ങളും ആഭരണങ്ങളും തിരികെ നൽകി പ്രശ്‌നം ഒത്തുതീർപ്പാക്കുകയായിരുന്നു പോലീസ്. കണക്കിന്റെ ആദ്യപാഠം പോലും അറിയാത്ത ഒരാളെ എങ്ങനെ വിവാഹം ചെയ്യുമെന്നാണ് വധു ചോദിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു. വരൻ നിരക്ഷരനാണെന്ന് അറിഞ്ഞത് ഞെട്ടിച്ചുവെന്നാണ് വധുവിന്റെ ബന്ധുക്കളും പറയുന്നത്. വരന്റെ വീട്ടുക്കാർ ഇക്കാര്യം മറച്ചുവെച്ചാണ് വിവാഹത്തിന് ഒരുങ്ങിയതെന്നും അവർ പറയുന്നു.

ഇതിനിടെ നിരക്ഷരനായ ഒരാളെ വിവാഹം കഴിക്കാനില്ലെന്ന തീരുമാനമെടുത്ത യുവതിയെ അഭിനന്ദിക്കുകയാണ് വീട്ടുകാരും ബന്ധുക്കളും.

Exit mobile version