ഓക്‌സിജനും ആശുപത്രി ബെഡും അടക്കമുള്ള സഹായം തേടി ദിനവും എത്തുന്നത് നിരവധി കോളുകൾ; ഡൽഹിയിലെ കോടതിയിൽ പൊട്ടക്കരഞ്ഞ് അഭിഭാഷകൻ

delhi covid

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിലായ ഡൽഹിയിലെ അവസ്ഥയെ സംബന്ധിച്ച് നടക്കുന്ന വാദത്തിനിടെ കോടതി മുറിയിൽ പൊട്ടക്കരഞ്ഞ് മുതിർന്ന അഭിഭാഷകൻ രമേശ് ഗുപ്ത. ഡൽഹി ഹൈക്കോടതിയിലായിരുന്നു സംഭവം.

നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഓക്‌സിജനും ആശുപത്രി ബെഡും ആവശ്യപ്പെട്ട് 20 കോളെങ്കിലും തനിക്ക് നിത്യേന വരാറുണ്ടെന്നും പക്ഷേ ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.

ഡൽഹി ബാർ കൗൺസിൽ ചെയർമാൻ കൂടിയാണ് ഗുപ്ത. ഓക്‌സിജനും ആശുപത്രി കിടക്കകളും ആവശ്യപ്പെട്ട് കൗൺസിൽ അംഗങ്ങളിൽ നിന്ന് തനിക്ക് കോളുകൾ വരുന്നുണ്ടെങ്കിലും സഹായിക്കാൻ കഴിയുന്നില്ല. സ്ഥിതി വളരെ മോശമാണ്. ദിവസവും 20 അഭിഭാഷകരുടെയെങ്കിലും കോളുകൾ വരുന്നുണ്ട്. മരണമുഖത്തുനിന്നാണ് പലരും തന്നെ വിളിക്കുന്നതെന്നും പറഞ്ഞായിരുന്നു അദ്ദേഹം പൊട്ടിക്കരഞ്ഞത്.

ഡൽഹിയിൽ കോവിഡ് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയാണ്. ഓക്‌സിജൻ കിട്ടാതെ നിരവധിപേരാണ് ഡൽഹിയിൽ മരിച്ചത്. ഓക്‌സിജൻ ഇല്ലാത്തതുകൊണ്ട് പല ആശുപത്രികളിലും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. പ്രതിദിനം 20,000ലധികം പേർക്കാണ് ഡൽഹിയിൽ കോവിഡ് ബാധിക്കുന്നത്. പല ആശുപത്രികളിലും ഓക്‌സിജൻ ക്ഷാമം രൂക്ഷവുമാണ്. വാക്‌സിൻ ലഭ്യമല്ലാത്തതിനാൽ തന്നെ വാക്‌സിനേഷനും പലയിടങ്ങളിലും നടക്കുന്നില്ല.

കോവിഡ് മരണനിരക്ക് ഉയർന്നതോടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ പോലും സ്ഥലമില്ലാതായി. പ്രതിദിനം മൂന്നൂറിലധികം പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് ബാധിച്ച് ഡൽഹിയിൽ മരണപ്പെട്ടത്.

Exit mobile version