എന്റെ ഹൃദയം തകരുന്നു; ഇന്ത്യയുടെ സ്ഥിതി വളരെ മോശമാണ്; എത്രയും പെട്ടന്ന് കുറച്ച് വാക്‌സിൻ നൽകാമോ; അമേരിക്കയോട് അഭ്യർത്ഥനയുമായി പ്രിയങ്ക ചോപ്ര

priyanka-chopra

ന്യൂയോർക്ക്: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ കീഴ്‌പ്പെടുത്തുന്നതിനിടെ യുഎസിനോട് സഹായം അഭ്യർത്ഥിച്ച് നടി പ്രിയങ്ക ചോപ്ര. ഇന്ത്യയുടെ അവസ്ഥ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ ഗുരുതരമായ സ്ഥിതിയിലാണ്. ലോകാരോഗ്യ സംഘടന ഉൾപ്പടെയുള്ളവർ ഇന്ത്യയുടെ അവസ്ഥയിൽ വിലപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിൽ താമസിക്കുന്ന പ്രിയങ്ക തന്റെ മാതൃരാജ്യത്തിന് വേണ്ടി സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.

യുഎസ് നിർമ്മിക്കുന്ന ആസ്ട്രസെനക്ക വാക്‌സിൻ ആവശ്യമായ രാജ്യങ്ങൾക്ക് നൽകാൻ യുഎസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് പ്രിയങ്ക ചോപ്രയും ഇന്ത്യക്ക് വേണ്ടി വാക്‌സിൻ ആവശ്യപ്പെട്ടിരിക്കുന്നത്. വാക്‌സ് ലൈവ് എന്ന ക്യാംപെയിനിന്റെ ഭാഗമായാണ് സ്വന്തം രാജ്യത്തിനായി പ്രിയങ്കയുടെ അഭ്യർത്ഥന. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും, യുഎസ് സർക്കാരിനോടും ഇന്ത്യക്ക് വാക്‌സിൻ നൽകണമെന്ന് പ്രിയങ്ക അഭ്യർത്ഥിച്ചിരിക്കുകയാണ്. ‘ആസ്ട്രസെനെക ലോകം മുഴുവൻ നൽകിയതിന് നന്ദി. പക്ഷെ എന്റെ രാജ്യത്തെ സ്ഥിതി വളരെ മോശമാണ്. നിങ്ങൾ എത്രയും പെട്ടന്ന് കുറച്ച് വാക്‌സിൻ ഇന്ത്യയ്ക്ക് നൽകുമോ’- എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

ഇന്ത്യയിൽ ദിനം പ്രതി 2500ഓളം ആളുകളാണ് കോവിഡ് ബാധിച്ച് മരണപ്പെടുന്നത്. ഓക്‌സിജൻ കിട്ടാതെ മരണപ്പെടുന്നവരാണ് ഇതിൽ കൂടുതലും. ഇതോടൊപ്പം തന്നെ ഇന്ത്യയെ വാക്‌സിൻ ക്ഷാമവും രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിലവിലെ അവസ്ഥയ്ക്ക് മാറ്റം വരുത്താനായി കൈത്താങ്ങായി എത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോബൈഡൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വാക്‌സിൻ നിർമ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കൾ ഇന്ത്യയ്ക്ക് നൽകുമെന്നാണ് യുഎസ്എ അറിയിച്ചിരിക്കുന്നത്.

Exit mobile version