സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമാവും! സ്വകാര്യ ആശുപത്രിയില്‍ നിന്നും വാക്‌സിന്‍ എടുക്കാന്‍ കഴിയുന്നവര്‍ അങ്ങനെ ചെയ്യുക: ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രിയുടെ നിരക്കില്‍ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ കഴിയുന്നവര്‍ അപ്രകാരം തന്നെ കുത്തിവെപ്പ് എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍.

സംസ്ഥാനങ്ങളുടെ ഭാരം കുറക്കാന്‍ അത് സഹായകരമായിരിക്കുമെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. പുതിയ വാക്‌സിന്‍ നയത്തില്‍ അനാവശ്യമായി ആശങ്ക പരത്തുന്ന സംസ്ഥാനങ്ങളെ മന്ത്രി വിമര്‍ശിക്കുകയും ചെയ്തു.

മെയ് ഒന്ന് മുതല്‍ ആരംഭിക്കുന്ന വാക്‌സിനേഷനില്‍ സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും സ്വന്തം നിലക്ക് വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങണമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.

എന്നാല്‍ ഈ വാക്‌സിന്‍ നയത്തിനെതിരെ സംസ്ഥാനങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 400 രൂപയാണ് കോവിഷീല്‍ഡിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങളില്‍ നിന്ന് ഈടാക്കുന്നത്.

സ്വകാര്യ ആശുപത്രികള്‍ക്ക് ഇതേ വാക്‌സിന്‍ ലഭിക്കാന്‍ 600 രൂപ നല്‍കണം. അതേ സമയം ഭാരത് ബയോടെകിന്റെ കോവാക്‌സിന് സംസ്ഥാനങ്ങള്‍ കൊടുക്കേണ്ടത് 600 രൂപയാണെങ്കില്‍ 1600 രൂപയ്ക്കാണ് പ്രൈവറ്റ് ആശുപത്രികള്‍ കോവാക്‌സിന്‍ വാങ്ങിക്കുന്നത്.

ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനം കേന്ദ്രത്തിനും, ബാക്കി 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കുമായി ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കാനും അനുമതിയുണ്ട്. ഇത് സംസ്ഥാനങ്ങള്‍ക്ക് വിപണിയില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ സംഭരിക്കാനും വില നിര്‍ണയത്തില്‍ ഇടപെടാനും അവസരം നല്‍കുന്നുവെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ ശേഖരിക്കുന്ന ഡോസിന്റെ അളവനുസരിച്ച് വില നിശ്ചയിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള സംസ്ഥാനങ്ങളുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. വാക്‌സിന്‍ എല്ലാവരിലും എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വാക്‌സിന്‍ വിതരണത്തില്‍ പരിധി വെക്കരുത് എന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് എന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

കേരളത്തിന് പുറമെ, അസം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഢ്, ഹരിയാണ, സിക്കിം, ബംഗാള്‍, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളും 18 മുതല്‍ 45 വരെയുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ചിരുന്നു.

Exit mobile version