അയല്‍സംസ്ഥാനങ്ങള്‍ക്ക് പുറമേ രാജ്യതലസ്ഥാനത്തിനും പ്രാണവായു നല്‍കാന്‍ കേരളം: ഓക്‌സിജന്‍ നല്‍കാമെന്ന് സര്‍ക്കാരിനെ അറിയിച്ചു, വെല്ലുവിളി ഡല്‍ഹിയിലേക്കെത്തിക്കല്‍

ന്യൂഡല്‍ഹി: കോവിഡ് രൂക്ഷമായ രാജ്യതലസ്ഥാനത്ത് ഓക്സിജന്‍ കിട്ടാതെ ജീവനുകള്‍ പൊലിയുമ്പോള്‍ സഹായവുമായി കേരളം. ഓക്‌സിജനുണ്ടെങ്കില്‍ നല്‍കണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെയും ഡല്‍ഹിയിലെ മലയാളി സംഘടനകളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് കേരളം ഓക്‌സിജന്‍ നല്‍കാന്‍ തീരുമാനിച്ചത്.

ഇന്ത്യയില്‍ ഓക്സിജന്‍ അധികമായി ഉല്‍പാദിപ്പിക്കുന്ന ഒരേ ഒരു സംസ്ഥാനമായ കേരളത്തോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഡല്‍ഹി മലയാളി സംഘടനകളും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

അയല്‍സംസ്ഥാനമായ തമിഴ്നാടിനും കര്‍ണാടകത്തിനും കേരളം ഓക്‌സിജന്‍ നല്‍കുന്നുണ്ട്. ഇരുസംസ്ഥാനത്തിനുമായി 100 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ കേരളം നല്‍കി.

ഓക്സിജന്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് കേരള ചീഫ് സെക്രട്ടറി വിപി ജോയ് ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും അനുഭാവപൂര്‍വമായ നിലപാടെടുത്തിരുന്നു.

എന്നാല്‍, ഓക്‌സിജന്‍ നല്‍കാന്‍ കേരളം സന്നദ്ധമാണെങ്കിലും അതു ഡല്‍ഹിയിലെത്തിക്കലാണ് തങ്ങള്‍ക്കു മുന്നിലുള്ള വെല്ലുവിളിയെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ഇക്കാര്യത്തില്‍ ഡല്‍ഹി ചീഫ് സെക്രട്ടറി വിജയ് ദേവുമായി തുടര്‍ ചര്‍ച്ചകള്‍ നടന്നു വരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അരവിന്ദ് കെജരിവാളിന്റെ കത്തു ലഭിച്ചയുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ ഓക്സിജന്‍ ലഭ്യമാക്കാനുള്ള സാദ്ധ്യതകള്‍ ആരായണമെന്ന് ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

കോവിഡ് ഭീതിയുള്ള ഡല്‍ഹിയില്‍ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജനസംസ്‌കൃതി എന്ന ഡല്‍ഹിയിലെ മലയാളി സംഘടന കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഡല്‍ഹി മലയാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് പിണറായിക്ക് അയച്ച കത്തില്‍ ജനസംസ്‌കൃതി അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പെട്രോളിയം ആന്‍ഡ് എക്‌സപ്ലോസീന് സേഫ്റ്റി ഓര്‍ഗനൈസേഷന്‍(പെസോ)യും സംസ്ഥാന ആരോഗ്യ വകുപ്പും ചേര്‍ന്നാണ് കേരളത്തില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യത സജ്ജമാക്കിയത്. കഞ്ചിക്കോട് ഇനോക്സ് എയര്‍ പ്രൊഡക്ട്സ്, ചവറ കെഎംഎംഎല്‍, പരാക്സെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്-എറണാകുളം എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് മെഡിക്കല്‍ ഓക്‌സിജന്‍ നിര്‍മിക്കുന്നത്.

കേരളത്തില്‍ നിലവില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നാലും പ്രതിസന്ധിയെ മറികടക്കാനുള്ള സജ്ജീകരണങ്ങള്‍ 24 മണിക്കൂറും ഉറപ്പാക്കിയിട്ടുണ്ടെന്ന് പെസോ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ വിതരണം തുടരാനാണ് തീരുമാനം.

Exit mobile version