ശ്വാസംമുട്ടി രാജ്യം; ഓക്‌സിജനില്ലാതെ ഡൽഹിയിലും പഞ്ചാബിലും 31 മരണം; സർക്കാർ-സ്വകാര്യ ആശുപത്രികൾ തമ്മിൽ ഓക്‌സിജനു വേണ്ടി തമ്മിൽതല്ല്

oxygen_

ന്യൂഡൽഹി: ഓക്‌സിജൻ ദൗർലഭ്യത്തെ തുടർന്ന് രാജ്യതലസ്ഥാനത്തും പഞ്ചാബിലും വീണ്ടും ദാരുണമരണങ്ങൾ. അടിയന്തരചികിത്സയ്ക്ക് ആവശ്യത്തിന് ഓക്‌സിജൻ ലഭ്യമല്ലാത്തത് കാരണം ഡൽഹിയിലെയും പഞ്ചാബിലെ അമൃത്‌സറിലെയും രണ്ട് സ്വകാര്യ ആശുപത്രികളിലായി 31 രോഗികൾ കൂടി മരിച്ചു.

തെക്കുപടിഞ്ഞാറൻ ഡൽഹി രോഹിണിയിലെ ജയ്പുർ ഗോൾഡൻ ആശുപത്രിയിൽ മാത്രം സംഭവിച്ചത് 25 മരണമാണ്. അമൃത്‌സറിലെ നീൽകാന്ത് ആശുപത്രിയിൽ ആറുപേരും മരിച്ചു. വെള്ളിയാഴ്ച സെൻട്രൽ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ 25 രോഗികൾ മരിച്ചിരുന്നു.

ആശുപത്രികളെല്ലാം സഹായം അഭ്യർത്ഥിച്ച് കോടതികളിൽ അടക്കം കയറി ഇറങ്ങുന്നുണ്ടെങ്കിലും ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര സർക്കാരിന് ഉൾപ്പടെ സാധിച്ചിട്ടില്ല.

ജയ്പുർ ഗോൾഡൻ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് മതിയായ അളവിൽ ഓക്‌സിജൻ ലഭിക്കാതെ രോഗികൾ മരിച്ചത്. ഇവിടെ 200 കോവിഡ് രോഗികൾ ചികിത്സയിലുണ്ട്. ഇതിൽ 80 ശതമാനവും ഓക്‌സിജൻ സഹായം ആവശ്യമുള്ളവരാണെന്ന് മെഡിക്കൽ ഡയറക്ടർ ഡികെ ബലൂജ പറഞ്ഞു. 35 രോഗികൾ ഐസിയുവിലും ഉണ്ട്.

അമൃത്‌സറിലെ നീൽകാന്ത് ആശുപത്രിയിലാകട്ടെ മരിച്ചവരിൽ അഞ്ചുപേരാണ് കോവിഡ് ബാധിതർ. ജില്ലാ ഭരണകൂടത്തോട് ആവർത്തിച്ച് സഹായം ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ ആരും സഹായിച്ചില്ലെന്നും ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുനിൽ ദേവഗൺ ആരോപിച്ചു. ഓക്‌സിജൻ നൽകണമെന്ന് വിതരണക്കാരോട് ആവശ്യപ്പെട്ടപ്പോൾ സർക്കാർ ആശുപത്രികൾക്കാണ് മുൻഗണനയെന്നായിരുന്നു മറുപടി. പോലീസിനെ വിന്യസിച്ച് സർക്കാർ ആശുപത്രികളിലേക്ക് ഓക്‌സിജൻ കടത്തുകയാണെന്നും സ്വകാര്യ ആശുപത്രികൾക്ക് ഓക്‌സിജൻ നൽകുന്നില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ ആരോപണം.

Exit mobile version