ആവശ്യത്തിലധികം മെഡിക്കല്‍ ഓക്‌സിജന്‍ കൈവശമുണ്ടെങ്കില്‍ അത് ഡല്‍ഹിക്ക് നല്‍കൂ; മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് അരവിന്ദ് കെജ്രിവാള്‍

KEJRIWAL | bignewslive

ന്യൂഡല്‍ഹി: ആവശ്യത്തിലധികം മെഡിക്കല്‍ ഓക്‌സിജന്‍ കൈവശമുണ്ടെങ്കില്‍ അത് ഡല്‍ഹിക്ക് നല്‍കണമെന്ന് മറ്റ് സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇക്കാര്യം അഭ്യര്‍ഥിച്ച് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കെജ്രിവാള്‍ കത്തെഴുതി. കത്തെഴുതിയ കാര്യം കെജ്രിവാള്‍ ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്.

കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും തികയാത്ത സ്ഥിതിയാണുള്ളതെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് നേരിടുന്നത്. ഇന്ന് 20 കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ശ്വാസം മുട്ടി മരിച്ചിരുന്നു. ഇന്നലെ 25 പേരും മരിച്ചിരുന്നു.

കൊവിഡ് രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഡല്‍ഹിയിലുള്ളത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുപതിനായിരത്തില്‍ അധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വെള്ളിയാഴ്ച 348 പേര്‍ക്കാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ചെറുതും വലുതുമായ ആശുപത്രികള്‍ തങ്ങളുടെ ഓക്‌സിജന്‍ ശേഖരം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.

Exit mobile version