അരവിന്ദ് കെജ്രിവാള്‍ റിമാന്‍ഡില്‍: പത്ത് ദിവസം ഇഡി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ പത്ത് ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി റോസ് അവന്യൂ കോടതി. ഏപ്രില്‍ 1 വരെയാണ് കസ്റ്റഡി കലാവധി. പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. മൂന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് കസ്റ്റഡിയില്‍ വിട്ടത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ സെക്ഷന്‍ പത്തൊമ്പത് പ്രകാരമാണ് അരവിന്ദ് കെജ്രിവാളിനെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് വാദത്തിനിടെ ഇഡി കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റ് വിവരം കുടുംബത്തെ അറിയിച്ചെന്നും റിമാന്‍ഡ് അപ്ലിക്കേഷന്റെ കോപ്പി നല്‍കിയെന്നും കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റിന്റെ പശ്ചാത്തലം അരവിന്ദ് കെജ്രിവാളിന് എഴുതി നല്‍കിയെന്നും ഇഡി കോടതിയില്‍ അറിയിച്ചു.

സുപ്രീം കോടതി സെന്തില്‍ ബാലാജി കേസില്‍ പുറപ്പെടുവിച്ച വിധി പകര്‍പ്പും ഇഡി കോടതിയില്‍ സമര്‍പ്പിച്ചു. അരവിന്ദ് കെജ്രിവാളാണ് ഡല്‍ഹി മദ്യനയകേസിലെ സൂത്രധാരന്‍ ഇഡി കോടതിയില്‍ വാദിച്ചു. സൗത്ത് ഗ്രൂപ്പിന് അനുകൂലമായി ഡല്‍ഹി മദ്യനയം ആവിഷ്‌കരിക്കുന്നതില്‍ അരവിന്ദ് കെജ്രിവാള്‍ നേരിട്ട് ഇടപെട്ടെന്നും ഇഡി കോടതിയില്‍ വാദിച്ചു.

കേസിലെ മുഖ്യകണ്ണികളില്‍ ഒരാളായ വിജയ് നായര്‍ കെജ്രിവാളിന്റെ ഔദ്യോഗിക വസതിയോട് ചേര്‍ന്ന വസതിയില്‍ താമസിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ മാധ്യമ ചുമതല വിജയ് നായര്‍ക്കായിരുന്നെന്നും ഇ ഡി ചൂണ്ടിക്കാണിച്ചു. ആം ആദ്മി പാര്‍ട്ടിക്കും സൗത്ത് ഗ്രൂപ്പിനും ഇടനിലക്കാരനായി നിന്നത് വിജയ് നായരായിരുന്നു. സൗത്ത് ഗ്രൂപ്പിന് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പകരമായി കൈക്കൂലി വാങ്ങിത്തരണമെന്ന് അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇ ഡി കോടതിയില്‍ വാദിച്ചു.

കേസിലെ മാപ്പ്സാക്ഷിയായ ശരത് റെഡ്ഡിയുടെ മൊഴിയും കോടതിയില്‍ വായിച്ചു. സൗത്ത് ഗ്രൂപ്പില്‍ നിന്നും ആം ആദ്മി പാര്‍ട്ടിക്ക് 45 കോടി രൂപലഭിച്ചെന്നും അത് 2022ല്‍ നടന്ന ഗോവ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്നും ഇ ഡി കോടതിയെ അറിയിച്ചു. 100 കോടിയുടെ അഴിമതി നടത്തിയെന്ന് മാത്രമല്ല അഴിമതിക്ക് സഹായിച്ചവര്‍ക്ക് ലാഭം ഉണ്ടാക്കാനും സഹായിക്കുകയും ചെയ്തു. ചെന്നൈയില്‍ നിന്നും പണം വരുകയും അത് ഗോവയിലേയ്ക്ക് പോകുകയും ചെയ്തുവെന്നും ഇ ഡി കോടതിയെ അറിയിച്ചു.

മൊഴികള്‍ മാത്രമല്ല ഉള്ളതെന്നും ഈ വിവരങ്ങള്‍ക്ക് സിഡിആറുകളിലൂടെ സ്ഥിരീകരണമുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു. കൈമാറിയ പണത്തിന്റെ തോത് എത്രയെന്ന് ദയവായി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട ഇഡി എവിടെ നിന്നാണ് അവര്‍ക്ക് പണം കിട്ടിയതെന്നും ചോദിച്ചു. കൈക്കൂലിയിലൂടെയാണ് ഈ പണം സ്വരൂപിച്ചതെന്നും ഇ ഡി ചൂണ്ടിക്കാണിച്ചു. ദയവായി കള്ളപ്പണവെളുപ്പിക്കല്‍ നിരോധന നിയമം ശ്രദ്ധിക്കണമെന്നും ഇ ഡി കോടതിയോട് അഭ്യര്‍ത്ഥിച്ചു. അരവിന്ദ് കെജ്രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇഡി കോടതിയോട് അഭ്യര്‍ത്ഥിച്ചു.

Exit mobile version