ക്ഷമിക്കണം! കോവിഡ് വാക്സിനാണെന്ന് അറിയില്ലായിരുന്നു; മോഷ്ടിച്ച വാക്‌സിനുകള്‍ തിരിച്ചേല്‍പ്പിച്ച് മോഷ്ടാക്കള്‍

ചണ്ഡീഗഢ്: ഹരിയാനയിലെ ആശുപത്രിയില്‍ നിന്നും മോഷണം പോയ കോവിഡ് വാക്സിനുകള്‍ തിരിച്ചേല്‍പ്പിച്ച് മോഷ്ടാക്കള്‍. കോവിഡ് വാക്സിനുകളാണെന്ന് അറിയാതെയാണ് മോഷ്ടിച്ചതെന്നും തങ്ങളോട് ക്ഷമിക്കണമെന്നും കുറിപ്പെഴുതി വെച്ചാണ് മോഷ്ടാക്കള്‍ ഇവ തിരിച്ചേല്‍പ്പിച്ചത്.

ജിന്ദ് പോലീസ് സ്റ്റേഷന് സമീപമുള്ള ചായക്കടയിലാണ് വാക്സിന്‍ വെച്ച് മോഷ്ടാക്കള്‍ പോയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

ജിന്ദിലെ സിവില്‍ ഹോസ്പിറ്റലിലെ സ്റ്റോര്‍ റൂമില്‍ നിന്ന് 1,710 ഡോസ് കോവിഷീല്‍ഡും കോവാക്‌സിനുമാണ് ബുധനാഴ്ച രാത്രി മോഷ്ടാക്കള്‍ കടത്തിയത്.

1270 ഡോസ് കോവിഷീല്‍ഡും 4,40 കോവാക്‌സിനുമാണ് മോഷണം പോയത്. സ്റ്റോര്‍ റൂമിന്റെ നാല് ലോക്കുകളും ഡീപ് ഫ്രീസറും തകര്‍ത്താണ് ഇവര്‍ മോഷണം നടത്തിയത്. മറ്റ് പല വാക്‌സിനുകളും ഉണ്ടായിരുന്നെങ്കിലും കോവിഡ് വാക്‌സിന്‍ മാത്രമാണ് മോഷണം പോയിരുന്നത്.

വ്യാഴാഴ്ച്ച രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികള്‍ വാക്സിന്‍ സൂക്ഷിച്ചിരുന്ന സ്റ്റോറിന്റെ പൂട്ട് തകര്‍ന്ന നിലയില്‍ കിടക്കുന്ന വിവരം അധികൃതരെ അറിയിച്ചതിന് പിന്നാലെ നടന്ന പരിശോധനയിലാണ് വാക്സിന്‍ സൂക്ഷിച്ചിരുന്ന ഫ്രീസറുകള്‍ തകര്‍ത്ത് വാക്സിന്‍ മോഷ്ടിച്ചതായി കണ്ടെത്തുന്നത്.

Exit mobile version