വീണ്ടും ഹീറോയായി മയൂര്‍! ധീരത മാത്രമല്ല, നന്മ മനസ്സിനും ഉടമ: സമ്മാനത്തുകയുടെ പകുതി കണ്ണുകാണാത്ത ആ അമ്മയ്ക്കും കുഞ്ഞിനും

മുംബൈ: അസാമാന്യ ധീരതയിലൂടെ രാജ്യത്തിന്റെ പ്രശംസ ഒന്നടങ്കം ഏറ്റുവാങ്ങിയ റെയില്‍വേ ജീവനക്കാരനാണ് മയൂര്‍ ഷെല്‍കെ. മാത്രമല്ല നിരവധി സമ്മാനങ്ങളും മയൂരിനെ തേടി എത്തിയിരുന്നു. റെയില്‍വേ അമ്പതിനായിരം രൂപ പാരിതോഷികവും ആനന്ദ് മഹീന്ദ്ര ഥാര്‍ എസ്‌യുവിയും ജാവ പുതിയ ബൈക്കും വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേസമയം, റെയില്‍വേ സമ്മാനിച്ച 50,000 രൂപയുടെ പകുതി കണ്ണുകാണാത്ത ആ അമ്മയ്ക്കും രക്ഷിച്ച കുട്ടിയ്ക്കും നല്‍കുമെന്ന് മയൂര്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല
തനിയ്ക്ക് സമ്മാനങ്ങള്‍ അയക്കാന്‍ ആഗ്രഹിക്കുന്നരോട് മയൂരിന് ഒരു അപേക്ഷയുണ്ട്.

ഇനിയും സമ്മാനം തരാന്‍ ആഗ്രഹിക്കുന്നവര്‍ അത് ചെക്കായോ പണമായോ നല്‍കിയാല്‍ ആ അമ്മയെയും കുഞ്ഞിനെയും പോലെ ഈ സമയം കഷ്ടപ്പെടുന്നവര്‍ക്ക് കൈമാറാന്‍ കഴിയുമെന്നും മയൂര്‍ പങ്കുവയ്ക്കുന്നു.

ധീരതയ്ക്ക് പുറമേ മയൂരിന്റെ നന്മ മനസ്സിനും ഇപ്പോള്‍ നിറഞ്ഞ കൈയ്യടികളും പ്രശംസയുമാണ് ലഭിക്കുന്നത്.

മുംബൈയ്ക്കടുത്ത് വാങ്കണി റെയില്‍വേ സ്റ്റേഷനില്‍ പോയിന്റ്‌സ്മാന്‍ ആയി ജോലി ചെയ്യുകയാണ് മയൂര്‍ ഷെല്‍കെ. സ്വന്തം ജീവന്‍ മറന്നു നടത്തിയ അദ്ഭുതകരമായ രക്ഷാപ്രവര്‍ത്തനത്തിന്റെ സിസിടിവി ദൃശ്യം റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തപ്പോഴാണു ലോകം അറിഞ്ഞത്.

‘ഞാന്‍ കുട്ടിയെ രക്ഷിക്കാന്‍ ഓടുമ്പോഴും എന്റെ ജീവനും അപകടത്തിലാവുമോ എന്ന് ഞാനും ഒരു നിമിഷം ചിന്തിച്ചിരുന്നു. എന്നാലും അവനെ രക്ഷിക്കണമെന്ന് തന്നെ എനിക്ക് തോന്നി. ആ കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണിന് കാഴ്ചയില്ലായിരുന്നു. അതിനാലാണ് അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയാതെ പോയത്.

മുംബൈയിലെ വങ്കാനി റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യമായിരുന്നു ദൈവത്തിന്റെ കൈകളായി മയൂര്‍ ആ കുഞ്ഞ് ജീവന്‍ കോരിയെടുത്തത്. അമ്മയ്‌ക്കൊപ്പം സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് വീണു. ഈ സമയം അതിവേഗം ഒരു ട്രെയിനും അതേ ട്രാക്കിലൂടെ പാഞ്ഞെത്തി. നിലവിളിക്കാന്‍ മാത്രമാണ് അമ്മയ്ക്ക് കഴിഞ്ഞത്.

ഈ കാഴ്ച കണ്ട് ട്രാക്കിലൂടെ മയൂര്‍ ഓടിയെത്തി കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലേക്ക് പിടിച്ചുകയറ്റി. ഈ സമയം ട്രെയിന്‍ തൊട്ടടുത്തെത്തുകയും ചെയ്തു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് മയൂര്‍ കുഞ്ഞിനെയും കൊണ്ട് പ്ലാറ്റ്‌ഫോമിലേക്ക് കയറിയതും, ട്രെയിന്‍ കടന്നുപോയതും.

Exit mobile version