കോവിഡ് രോഗികളുടെ ജീവന് കാവലായി: ആഭരണങ്ങള്‍ വിറ്റ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് കിടപ്പുരോഗിയായ അധ്യാപികയും ഭര്‍ത്താവും

മുംബൈ: ഓക്‌സിജന്‍ സിലിണ്ടറില്‍ സ്വന്തം ജീവന്‍ നിലനിര്‍ത്തുമ്പോഴും കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ആഭരണങ്ങള്‍ വിറ്റ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കി ഒരു അധ്യാപിക.

മുംബൈയിലെ ബോറിവ്‌ലി, സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ അധ്യാപികയായ 51 കാരി റോസിയും ഭര്‍ത്താവ് പാസ്‌കല്‍ സാല്‍ഡാന്‍ഹയുമാണ് മഹാമാരി കാലത്ത് മാതൃകയാവുന്നത്.

അഞ്ചുവര്‍ഷം മുമ്പാണ് റോസിയുടെ രണ്ടു വൃക്കകളും തകരാറിലായി ദുരന്തം അവരെ തേടിയെത്തിയത്. ഇപ്പോള്‍ ഡയാലിസിസിലൂടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. നാലോളം തവണ കോമയിലായി. കൂടാതെ തലച്ചോറില്‍ രക്തസ്രാവവും. എന്നാല്‍ മാനസിക ബലം കരുത്താക്കി റോസി ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

റോസിയുടെ ചികിത്സക്കായി രണ്ടുകോടിയിലധികം രൂപയാണ് കുടുംബം ചെലവാക്കിയത്. കൂടാതെ വീട്ടില്‍ ഒരു ആശുപത്രിയിലെ അത്യാവശ്യ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. വൈറസോ ചെറിയ അണുബാധയോ പോലും റോസിയുടെ ആരോഗ്യനില വഷളാക്കും.

അതിനാല്‍ കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ അത്യാവശ്യ ഘട്ടം നേരിടുന്നതിനായി ഒരു ഓക്‌സിജന്‍ സിലിണ്ടറും വീട്ടില്‍ സൂക്ഷിച്ചിരുന്നു. ലോക്ഡൗണില്‍ സമീപവാസികളായ നിരവധിപേര്‍ കഷ്ടപ്പെടുന്നത് കണ്ടതോടെ രണ്ടുടണ്‍ ഭക്ഷ്യധാന്യങ്ങള്‍ അവര്‍ക്കായി വിതരണം നടത്തിയിരുന്നു.

അഞ്ചുദിവസം മുമ്പാണ് പാസ്‌കല്‍ സുഹൃത്തായ ഹോളി മദര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റഫീക്ക് സിദ്ദിഖിയില്‍ നിന്ന് ആ വിവരം അറിയുന്നത്. അവരുടെ സ്‌കൂളിലെ അധ്യാപികയായ ശബാന മാലിക്കിന്റെ ഭര്‍ത്താവ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഓക്‌സിജന്‍ ലഭിക്കാതെ വലയുന്നു. സംഭവം അറിഞ്ഞയുടന്‍ വീട്ടില്‍ റോസിക്കായി സൂക്ഷിച്ച സിലിണ്ടര്‍ പാസ്‌കല്‍ അധ്യാപികക്ക് കൈമാറി. അധ്യാപികയുടെ ഭര്‍ത്താവ് സുഖം പ്രാപിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കൂടുതല്‍ പേര്‍ക്ക് ഓക്‌സിജന്‍ ആവശ്യമായി വരുന്നുവെന്ന വാര്‍ത്തകളാണ് കേട്ടത്.

റോസിയോട് പറയാതെയായിരുന്നു ഓക്‌സിജന്‍ സിലിണ്ടര്‍ അധ്യാപികക്ക് നല്‍കിയത്. ഓക്‌സിജന്‍ സിലിണ്ടര്‍ കാണാതായതോടെ റോസി ഭര്‍ത്താവിനോട് കാര്യം തിരക്കി. ഇതോടെ പാസ്‌കല്‍ സംഭവം വിവരിച്ചു. കൂടുതല്‍ പേര്‍ക്ക് ഓക്‌സിജന്‍ ആവശ്യമായി വരുന്നുവെന്ന കാര്യങ്ങളും അറിയിച്ചു. ഇതോടെ തന്റെ ശരീരത്തില്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ഭര്‍ത്താവിന് ഊരി നല്‍കുകയായിരുന്നു.

ആഭരണം വിറ്റ 80,000 രൂപക്ക് കൂടുതല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങി. ശബാന മാലിക്കിന്റെ ഭര്‍ത്താവിനെ കൂടാതെ ഏഴുപേരുടെ ജീവന്‍ രക്ഷിക്കാന്‍ ഈ ദമ്ബതികള്‍ക്ക് കഴിഞ്ഞു. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അതില്‍ സങ്കടമുണ്ടെന്നും ഇരുവരും പറഞ്ഞു.

‘ഞാന്‍ എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് അറിയില്ല. യാതൊരു ഉപയോഗവുമില്ലാതെ എന്റെ കൈവശം കുറച്ച് ആഭരണങ്ങളുണ്ടായിരുന്നു. അവ വിറ്റാല്‍ കുറച്ചുപേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കും’ – റോസി പറഞ്ഞു.

Exit mobile version