ഡൽഹിയിലെ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് പിന്നാലെ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം; എല്ലാവരേയും സംരക്ഷിക്കും നഗരം വിട്ടുപോകരുതെന്ന് കൈകൂപ്പി അപേക്ഷിച്ച് കെജരിവാൾ

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് വ്യാപനം അനിയന്ത്രിതമായതിനെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് പിന്നാലെ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം. ആനന്ദ് വിഹാർ ഐഎസ്ബിടിയിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ബസു കാത്തുനിൽക്കുന്ന തിങ്ങിനിറഞ്ഞ തൊഴിലാളികളുടെ കാഴ്ച സോഷ്യൽമീഡിയയിൽ അടക്കം വലിയ ചർച്ചയായിരുന്നു.

തിങ്കളാഴ്ചയും ചൊവ്വാഴ്ച പുലർച്ചയെയുമായി നാട്ടിലേക്ക് മടങ്ങാൻ തിരക്കു കൂട്ടുന്നവരുടെ നിര കഴിഞ്ഞവർഷത്തെ ലോക്ക്ഡൗൺ കാലത്തെ ദുരവസ്ഥയുടെ നേർക്കാഴ്ചയ്ക്ക് സമാനമായിരുന്നു. ഇതിനിടെ ആരും നഗരം വിട്ടുപോവരുതെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കൂപ്പുകൈകളോടെ തൊഴിലാളികൾക്ക് മുന്നിലെത്തിയിരിക്കുകയാണ്. ഇതു ചെറിയൊരു ലോക്ഡൗൺ മാത്രമാണ്. വെറും ആറു ദിവസത്തേക്കു മാത്രം. ആരും ഡൽഹി വിട്ടുപോവരുത്. ലോക്ഡൗൺ നീട്ടേണ്ടി വരില്ലെന്നാണ് എന്റെ ശുഭപ്രതീക്ഷ. നിങ്ങളെ എല്ലാവരെയും സർക്കാർ സംരക്ഷിക്കും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, കഴിഞ്ഞവർഷത്തെ ലോക്ക്ഡൗണിൽ ഉണ്ടായ ദുരവസ്ഥ ആലോചിച്ച് സ്വന്തം നാടുകളിലേക്കു മടങ്ങാൻ കുടിയേറ്റ തൊഴിലാളികളും ധൃതികൂട്ടുകയാണ്. തൊഴിലാളികൾ കൂട്ടത്തോടെ ബസ് ടെർമിനലുകളിലെത്തുകയും ആനന്ദ് വിഹാർ ഐഎസ്ബിടിയിലും റെയിൽവേ സ്റ്റേഷനിലുമായി അയ്യായിരത്തിലേറെ പേർ തങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ലോക്ക്ഡൗൺ എന്തായാലും വരുമാനത്തെ ബാധിക്കും. ഇവിടെ നിൽക്കുന്നതിനെക്കാൾ ഭേദം നാട്ടിൽ വീട്ടിലിരിക്കുന്നതാണ്. ചിലപ്പോൾ ലോക് ഡൗൺ നീട്ടിയേക്കാം. അതിനാൽ ഡൽഹിയിൽ നിൽക്കുന്നില്ല ദിൽഷാദ് ഗാർഡനിലെ വസ്ത്രനിർമാണ ഫാക്ടറിയിൽ ജോലിയെടുക്കുന്ന തൊഴിലാളികൾ പറയുന്നു.

Exit mobile version