ഡല്‍ഹിയില്‍ സ്ഥിതി അതിസങ്കീര്‍ണം: ഓക്സിജന്‍ ക്ഷാമം രൂക്ഷം; ഐസിയു ബെഡുകള്‍ 100ല്‍ താഴെ മാത്രം; കേന്ദ്ര സഹായം തേടി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഡല്‍ഹിയില്‍ സ്ഥിതി അതിസങ്കീര്‍ണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായതായി കെജ്രിവാള്‍ പറഞ്ഞു.

തലസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആശങ്കാജനകമായ സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടി കെജരിവാള്‍ അറിയിച്ചിരിക്കുന്നത്.

ആശുപത്രികള്‍ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ശേഷിക്കുന്നത് 100ല്‍ താഴെ ഐസിയു ബെഡുകള്‍ മാത്രമാണുള്ളത്. ഓക്സിജന്‍ ക്ഷാമവും പ്രതിസന്ധി രൂക്ഷമാക്കുന്നതായി കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് പ്രതിദിനക്കണക്ക് കുത്തനെ ഉയരുന്നുണ്ടെന്ന കാര്യവും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 25000ത്തില്‍ അധികം കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒറ്റ ദിവസത്തിനിടെ പോസിറ്റിവിറ്റി റേറ്റ് 24 ല്‍ നിന്നും 30% ആയി ഉയര്‍ന്നുവെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

‘കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 25,000ത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.. നിലവില്‍ ഇവിടെ 10,000 കിടക്കകളുണ്ട്, അതില്‍ 1,800 കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. ഗുരുതരമായ കോവിഡ് സാഹചര്യം കണക്കിലെടുത്ത് 10000 കിടക്കകളില്‍ 7,000 എണ്ണം കൂടി അനുവദിക്കണമെന്ന് ഞാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നു’എന്നായിരുന്നു കെജരിവാളിന്റെ വാക്കുകള്‍.

അതേസമയം, രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,501 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 1,38,423 പേര്‍ക്കാണ് രോഗ മുക്തി. രാജ്യത്ത് ഇതുവരെ 1,47,88,209 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. രോഗമുക്തി നേടിയത് 1,28,09,643 പേര്‍.

Exit mobile version