‘ദേശഭക്തി’ ആണോ ‘മോഡി ഭക്തി’യാണോ നിങ്ങള്‍ക്ക് വലുത്..! നിങ്ങള്‍ കുട്ടികളെ സ്‌നേഹിക്കുന്നുവെങ്കില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യൂ.. പുതിയ തന്ത്രം പയറ്റി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: സീറ്റ് പിടിക്കാന്‍ പുതിയ നീക്കങ്ങളുമായി ആംആദ്മി പാര്‍ട്ടി. നിങ്ങള്‍ കുട്ടികളെ സ്‌നേഹിക്കുന്നുവെങ്കില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യണമെന്ന് രക്ഷിതാക്കളോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. മാത്രമല്ല ‘ദേശഭക്തി’ ആണോ ‘മോഡി ഭക്തി’യാണോ നിങ്ങള്‍ക്ക് വലുതെന്ന് തീരുമാനിക്കാനും കെജരിവാള്‍ പറഞ്ഞു.

‘നിങ്ങള്‍ ആര്‍ക്ക് വോട്ടു ചെയ്യുമെന്ന് ചോദിച്ചാല്‍ ആളുകള്‍ പറയും മോഡിക്കെന്ന്. എന്തുകൊണ്ടെന്ന് ചോദിച്ചാല്‍ പറയും ഞങ്ങള്‍ മോഡിയെ സ്നേഹിക്കുന്നു എന്ന്. ഇപ്പോള്‍ നിങ്ങള്‍ തന്നെ തീരുമാനിക്കൂ, നിങ്ങളുടെ കുട്ടികളോടാണോ മോഡിജിയോടാണോ സ്നേഹം എന്ന്. നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ സ്‌നേഹിക്കുന്നുവെങ്കില്‍, കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ടുചെയ്യുക. ഈ മോഡി ഒരു സ്‌കൂളു പോലും പണിതിട്ടില്ല. ഒന്നുകില്‍ ദേശഭക്തി ഇല്ലെങ്കില്‍ മോഡി ഭക്തി. ഇതില്‍ ഏത് വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. രണ്ടും ഒരുമിച്ച് സാധിക്കില്ല,’ കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയെ പിന്തുണച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി. ‘ഒരുദിവസം ഒരാള്‍ എന്നോട് പറഞ്ഞു മോഡി വളരെ നല്ലവനാണ് അതുകൊണ്ട് വരുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വോട്ട് ചെയ്യുമെന്ന്. നിങ്ങളുടെ കുട്ടികളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി സ്‌കൂളുകള്‍ പണിയുന്നവര്‍ക്ക് വോട്ട് ചെയ്യൂവെന്നാണ് എനിക്ക് പറയാനുള്ളത്’-സിസോദിയ പറഞ്ഞു.

സര്‍ക്കാര്‍ 250 സ്‌കൂളുകളിലായി നിര്‍മ്മിച്ച 11,000 ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ന്യൂ ഫ്രണ്ട്സ് കോളനിയിലെ സര്‍വോദയ കന്യാ വിദ്യാലയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Exit mobile version