രാജസ്ഥാനിലെ ബാരനിൽ വർഗീയ കലാപം; കർഫ്യൂ ഏർപ്പെടുത്തി; ഇന്റർനെറ്റ് നിരോധിച്ചു; സ്ഥിതി ഗുരുതരമെന്ന് പോലീസ്

ജയ്പൂർ: രാജസ്ഥാനിലെ ബാരൻ ജില്ലയിൽ പൊട്ടിപ്പുറപ്പെട്ട വർഗീയകലാപം രൂക്ഷമെന്ന് റിപ്പോർട്ട്. കലാപം നേരിടാൻ പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് നിരോധിക്കുകയും ചെയ്തു. ഞായറാഴ്ചയാണ് ബാരനിലെ ഛബ്ര ടൗണിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഞായറാഴ്ച രാത്രി മുതൽ ഏപ്രിൽ 13 വരെയാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

പട്ടണത്തിൽ ഒരുകൂട്ടം ആളുകൾ മാർച്ച് ചെയ്യുകയും കടകൾ അടക്കാൻ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സംഘർഷം ഉടലെടുത്തത്. പിന്നാലെ സ്വകാര്യബസുകളും കാറുകളും അഗ്നിക്കിരയാക്കുകയും ഏറ്റുമുട്ടല് നടക്കുകയും ചെയ്തു. സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന രണ്ട് യുവാക്കൾ ജാട്ട്, ഗുജ്ജർ സമുദായങ്ങളിലുള്ളവരാണ്.

ചേരിതിരിഞ്ഞ് പോരടിക്കുന്ന ഇവർ വടികളും ഇരുമ്പുദണ്ഡുകളും കൊണ്ടാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് നിലനിൽക്കുന്നത് ഗുരുതര സാഹചര്യമാണെന്നും സ്ഥിതി നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Exit mobile version