കൃത്രിമ സൂചനകൾ നൽകി സേനയെ കബളിപ്പിച്ച് വനത്തിലേക്ക് എത്തിച്ച് 2000 സൈനികരെ വളഞ്ഞത് 400ഓളം മാവോവാദികൾ; 22 സൈനികർക്ക് വീരമൃത്യു; അത്യാധുനിക ആയുധങ്ങളും കവർന്നു

bijapur-maoist

റായ്പൂർ: സമീപകാലത്തെ ഏറ്റവും വലിയ മാവോവാദി ആക്രമണമാണ് ഛത്തീസ്ഗഢിലെ ബിജാപൂർ വനങ്ങളിലുണ്ടായത്. ആക്രമണത്തിൽ 22 ജവാന്മാർ വീരമൃത്യു വരിക്കുകയും 32ഓളം സുരക്ഷാ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. സമീപത്തെ ഗ്രാമങ്ങൾ പോലും ഒഴിപ്പിച്ച് മുൻകൂട്ടി പ്ലാൻ തയ്യാറാക്കിയാണ് സേനയെ മാവോവാദികൾ കൊടുംവനത്തിലേക്ക് എത്തിച്ചത്. നക്‌സൽ-മാവോവാദി സംഘങ്ങളുടെ വാഴ്ച കാരണം കുപ്രസിദ്ധിയാർജ്ജിച്ച പ്രദേശമാണ് ഛത്തീസ്ഗഢിലെ ബിജാപൂർ വനങ്ങൾ. നിലവിൽ മൃതദേഹങ്ങൾക്കായി തെരച്ചിൽ തുടരുകയാണ് സുരക്ഷാസേന.

തെറ്റായ സൂചനകൾ നൽകി സൈന്യത്തെ കബളിപ്പിച്ച് മാവോവാദികൾ വീശിയ വലയിൽ സൈന്യം പെട്ടുപോവുകയായിരുന്നു. ഇവർ നൽകിയ സൂചനകൾ എല്ലാം സത്യമെന്ന് കരുതി സൈനികർ വനത്തിലേക്ക് കടന്നുകയറുകയും മാവോവാദികൾ കാത്തിരുന്ന് മൂന്ന് ഭാഗത്തു നിന്നും കടന്നാക്രമിക്കുകയുമായിരുന്നു. വെടിയേൽക്കാതെ ഒളിച്ചുനിൽക്കാൻ പോലുമാകാത്ത മേഖലയിലേക്ക് സൈന്യത്തെ എത്തിച്ച് 400 ഓളം മാവോവാദികൾ മൂന്നുവശത്തുനിന്നും 2000ത്തോളം വരുന്ന സുരക്ഷ സൈനികരെ വളയുകയായിരുന്നെന്നാണ് റിപ്പോർട്ട്.

ഏറെ അപകടകാരയായ ഒരു നക്‌സൽ കമാൻഡർ മഡ്‌വി ഹിദ്മ പ്രദേശത്ത് തമ്പടിച്ചതായി രഹസ്യ വിവരത്തെ തുടർന്നായിരുന്നു സൈനിക നീക്കം. അഞ്ചു വ്യത്യസ്ത മേഖലകളിൽ തമ്പടിച്ച 2,000 ഓളം സൈനികരാണ് നീക്കത്തിൽ പങ്കാളികളായത്. സുക്മയിൽനിന്ന് രണ്ടും ബിജാപൂരിലെ മൂന്നു ക്യാമ്പിൽനിന്ന് മൊത്തം 10 സംഘങ്ങളാണ് പുറപ്പെട്ടിരുന്നത്. 40 ലക്ഷം രുപ തലക്ക് വിലയിട്ട് മാവോവാദി നേതാവാണ് ഹിദ്മ. സുക്മ ബിജാപൂർ മേഖലയിലെ മാവോവാദി ബറ്റാലിയൻ നേതൃത്വവും ഇയാൾക്കാണ്. 2013ൽ 25 സിആർപിഎഫ് ജവാന്മാരുടെ വീരമൃത്യുവിനു പിന്നിലും ഹിദ്മയാണെന്നാണ് കരുതപ്പെടുന്നത്.

ഇയാളെ പിടികൂടാനുള്ള ദൗത്യവുമായി ബിജാപൂരിൽനിന്നുള്ള സംഘം ഏപ്രിൽ രണ്ടിനു തന്നെ പുറപ്പെട്ടിരുന്നു. അലിപുഡ, ജൊനഗുഡ എന്നിവിടങ്ങൾ വരെ നീങ്ങാനായിരുന്നു ഇവർക്ക് നിർദേശം. ഈ സംഘത്തിനാണ് കാര്യമായ നാശനഷ്ടങ്ങളുണ്ടായത്. ഏറ്റവും കൂടുതൽ പേർ രക്തസാക്ഷികളായത് സിആർപിഎഫ്, ഡിആർജി എന്നിവയിൽ നിന്നാണ്, എട്ടു പേർ. ഏഴ് കോബ്ര കമാൻഡർമാരും ഒരു ബസ്തരിയ ബറ്റാലിയൻ ഉദ്യോഗസ്ഥനും രക്തസാക്ഷികളായപ്പോൾ സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സിൽനിന്നുള്ളവരാണ് അവശേഷിച്ച രക്തസാക്ഷികൾ. ഒരു സിആർപിഎഫ് ഇൻസ്‌പെക്ടറെ കാണാതായിട്ടുമുണ്ട്. 10-12 മാവോവാദികൾ വെടിവെപ്പിൽ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്. ആക്രമണത്തിനിടെ കൊല്ലപ്പെട്ട സുരക്ഷ സൈനികരുടെ അത്യാധുനിക തോക്കുകളും മാവോവാദികൾ കൊള്ളയടിച്ചിട്ടുണ്ട്.

”എത്താൻ ആവശ്യപ്പെട്ട സ്ഥലത്തെത്തുമ്പോൾ പ്രാഥമിക കാഴ്ചയിൽ ഒന്നുമുണ്ടായിരുന്നില്ല. കാത്തിരുന്ന് അവസാനം ആരുമില്ലെന്ന് ഉറപ്പാക്കി മടങ്ങുന്നതിനിടെയായിരുന്നു പതിയിരുന്നുള്ള മാവോയിസ്റ്റ് ആക്രമണം”- കാലിൽ വെടിയുണ്ട തറച്ച ശരീരത്തിൽ പരിക്കേറ്റ് ബിജാപൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജവാന്റെ ഈ വാക്കുകൾ മാവോവാദികൾ സേനയെ വലയിലാക്കുകയായിരുന്നു എന്ന് തെളിയിക്കുന്നതാണ്.

ടാറെം ക്യാമ്പിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള തെകുലുഗുദാമിലാണ് ആദ്യം വെടിവെപ്പുണ്ടായത്. സുരക്ഷ സൈനികർ പരിസരത്തെ വീടുകളിൽ അഭയം തേടാൻ ശ്രമിച്ചെങ്കിലും ബുള്ളറ്റുകളും ഗ്രനേഡുകളും അവരെ വരവേറ്റു. ഇതോടെ, പിന്തിരിഞ്ഞ് മലനിരകൾ വിട്ട് താഴ്‌വരകളിലേക്ക് എത്തിയതോടെ അപകടം കൂടി. ഏഴു മൃതദേഹങ്ങളാണ് ഇവിടെനിന്നു മാത്രം കണ്ടെത്തിയത്.

യന്ത്രത്തോക്കുകൾക്ക് പുറമെ സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു മാവോവാദികളുടെ ആക്രമണം. ഇതോടെ അപ്രതീക്ഷിത ആക്രമണത്തിന്റെ ഷോക്കിൽ നിന്നും മുക്തരാകാത്ത ജവാന്മാർ ഒരു നിമിഷം പകച്ചുപോയത് ആളപായം കൂട്ടി. പരിസരത്തെ രണ്ടു ഗ്രാമങ്ങളിൽ നിന്നും ഒരാൾ പോലും ഇല്ലാതെ എല്ലാവരെയും നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. അതുകണ്ടപ്പോൾ തന്നെ അപകടം മനസ്സിലാക്കാമായിരുന്നുവെന്ന് സൈനികർ പറയുന്നു. എന്നാൽ നിർഭാഗ്യവശാൽ സൈനികർ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകാതെ അപായമൊഴിവായെന്ന ആത്മവിശ്വാസത്തിൽ മുന്നൊരുക്കമില്ലാതെ തിരികെ പോരുന്നതിനിടെയാണ് ചുറ്റുനിന്നും കൂട്ടമായി മാവോവാദികൾ ആയുധങ്ങളണിഞ്ഞ് കനത്ത ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ച് പുറപ്പെട്ടെങ്കിലും ഹെലികോപ്റ്ററുകൾക്ക് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ വെടിവെപ്പ് അവസാനിച്ച് മാവോവാദികൾ പിൻവലിയും വരെ കാത്തുനിൽക്കേണ്ടി വന്നു.

പതിയിരുന്നുള്ള നീക്കത്തിൽ എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാതെ വന്നത് വെല്ലുവിളിയായെന്ന് സിആർപിഎഫ് ഡയറക്ടർ ജനറൽ കുൽദീപ് സിങ് പറഞ്ഞു. മാവോവാദി സാന്നിധ്യം വലിയ തലവേദന സൃഷ്ടിക്കുന്ന ബസ്തർ മേഖലയിൽ പുതുതായി അഞ്ച് യൂണിറ്റ് സുരക്ഷ സൈനികരെ വിന്യസിച്ചതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് സിആർപിഎഫ് മേധാവി പറഞ്ഞു.

ദണ്ഡേവാഡയിൽ പോലീസ് സ്ഥാപിച്ച റിസീവർ വഴി മാവോവാദികൾക്കിടയിലെ വാർത്ത വിനിമയം ചോർത്തിയാണ് രഹസ്യ വിവരങ്ങൾ സുരക്ഷ സേന സംഘടിപ്പിക്കുന്നത്. എന്നാൽ, ഇത് തിരിച്ചറിഞ്ഞ് കൃത്രിമമായി വിവരങ്ങൾ പങ്കുവെച്ച് സൈനികരെ കബളിപ്പിച്ച് കെണിയൊരുക്കുകയായിരുന്നു മാവോവാദികളെന്ന് സുരക്ഷാ സേന സംശയിക്കുന്നു.

Exit mobile version