മോഡിയുടെ വിസ റദ്ദാക്കണം: ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വോട്ടിനായി പ്രധാനമന്ത്രി ബംഗ്ലാദേശില്‍ പോയിരിക്കുകയാണെന്ന് മമത

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ് മോഡിയുടെ ശ്രമമെന്ന് മമത ആരോപിച്ചു.

ബംഗാളില്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ മോഡി ബംഗ്ലാദേശിലെത്തി ബംഗാളിനെക്കുറിച്ച് സംസാരിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഖാരഖ്പുരില്‍ മമത ആരോപിച്ചു.

2019 ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ റാലിയില്‍ ഒരു ബംഗ്ലാദേശി നടന്‍ പങ്കെടുത്തപ്പോള്‍ ബിജെപി ബംഗ്ലാദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വിസ റദ്ദാക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരുവിഭാഗം ജനങ്ങളുടെ വോട്ട് നേടാനായി മോഡി ബംഗ്ലാദേശില്‍ പോയി. എന്തുകൊണ്ടാണ് മോഡിയുടെ വിസ റദ്ദാക്കാത്തതെന്നും മമത ചോദിച്ചു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ മോഡി ഒരകണ്ഡിയിലെ മതുവ വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേത്ര ദര്‍ശനം നടത്തിയതിനേയും മമത വിമര്‍ശിച്ചു. മതുവ വിഭാഗത്തില്‍പ്പെട്ടവര്‍ ബംഗാളിലും താമസിക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ട് നിര്‍ണായക ഘടകമാണ്.

Exit mobile version