മഹാരാഷ്ട്ര ലോക്ക്ഡൗണിലേക്ക്; അന്തിമ തീരുമാനം ഏപ്രില്‍ രണ്ടിന്

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കാമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍. ഏപ്രില്‍ രണ്ടിന് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകയെന്നും അജിത് പവാര്‍ വ്യക്തമാക്കി.

കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ ഹോളി ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പൂണെയില്‍ ചേര്‍ന്ന അവലോകനത്തിന് ശേഷം അജിത് പവാര്‍ പറഞ്ഞു. ഹോളി ദിവസത്തില്‍ ആളുകള്‍ കൂട്ടംകൂടുന്നത് ഉള്‍പ്പടെ വിലക്കിയിട്ടുണ്ട്. സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും എങ്കില്‍ മാത്രമേ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ സാധിക്കുവെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ കര്‍ശനമായ ലോക്ഡൗണിലേക്ക് പോകുന്നതാണ് ഉചിതമെന്ന് ഉപമുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടു. അതേസമയം മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച 35,952 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.


ഇതോടെ മഹാരാഷ്ട്രയില്‍ രോഗം പിടിപെട്ടവരുടെ എണ്ണം വ്യാഴാഴ്ച 26 ലക്ഷം കടന്നു. 20,444 പേര്‍ ആശുപത്രി വിട്ടതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 22.83 ലക്ഷമായി. 111 പേരാണ് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 53,795 ലേക്കുയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2,62,685 ആണ്.

Exit mobile version