കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ ബിജെപി ഗുണ്ടകള്‍: അമിത് ഷായുടേത് പൊള്ളയായ വാഗ്ദാനം; പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കന്യാസ്ത്രീകള്‍ക്കെതിരായ സംഘ്പരിവാര്‍ ആക്രമണത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നേതാവ് പ്രിയങ്ക ഗാന്ധി.

അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബിജെപിയുടെ ഭാഗമായിരുന്നിട്ടും അമിത് ഷാ പൊള്ളയായ വാഗ്ദാനം നല്‍കുകയാണെന്നും പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.

പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്:

”ട്രെയിനില്‍ യാത്ര ചെയ്യുന്ന യുവതികളെ ആക്രമിക്കാനും വിവരങ്ങള്‍ ആവശ്യപ്പെടാനും ഈ ഗുണ്ടകളെ പ്രാപ്തരാക്കുന്ന സര്‍ക്കാരിനെ ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് നയിക്കുന്നത്

ബിജെപി

ഈ ഗുണ്ടകള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയെയാണ് പ്രതിനിധീകരിക്കുന്നത്

ബിജെപി

അവരില്‍ ചിലര്‍ ഏത് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയുടെ ഭാഗമാണ്

ബിജെപി

എന്നിട്ട് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അമിത് ഷാ കന്യാസ്ത്രീകളെ സംരക്ഷിക്കുമെന്ന് പൊള്ളയായ വാഗ്ദാനം നല്‍കുന്നു”

കഴിഞ്ഞദിവസമാണ് ഒരു മലയാളിയടക്കം നാല് കന്യാസ്ത്രീകളെ ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഒരു സംഘം ആക്രമിച്ചത്. യുവതികളെ മതം മാറ്റാന്‍ കൊണ്ടുപോകുന്നു എന്ന് ആരോപിച്ചാണ് കന്യാസ്ത്രീകളെ ഒരു സംഘം ഹിന്ദുത്വ തീവ്രവാദികള്‍ ട്രെയിനില്‍ വെച്ച് ഭീഷണിപ്പെടുത്തുകയും യാത്രക്കിടെ പുറത്താക്കുകയും ചെയ്തത്.

ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ കന്യാസ്ത്രീകളെ അക്രമിച്ചതിന് പിന്നില്‍ എബിവിപി പ്രവര്‍ത്തകരാണെന്ന് റെയില്‍വേ സൂപ്രണ്ട് വ്യക്തമാക്കി. ഋഷികേശിലെ സ്റ്റഡി ക്യാമ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.

അക്രമത്തിന് പിന്നിലുള്ളവരെ വൈകാതെ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് വാക്ക് തരുന്നതായി അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.

സംഭവത്തില്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആഭ്യന്തര മന്ത്രിയോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു.

Exit mobile version