പണ്ട് സ്ത്രീകള്‍ ‘എട്ട്’ പോലെയായിരുന്നു, ഇന്ന് വിദേശ പശുവിന്‍ പാല്‍ കുടിച്ച് വീപ്പ പോലെയായി: വിവാദ പരാമര്‍ശവുമായി ഡിഎംകെ സ്ഥാനാര്‍ഥി

കോയമ്പത്തൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, സ്ത്രീകളെ അപമാനിച്ച് നടനും ടെലിവിഷന്‍ അവതാരകനുമായ ഡിഎംകെ സ്ഥാനാര്‍ഥി ദിണ്ടിഗുള്‍ ലിയോണി.
സ്ത്രീകളുടെ ശരീരത്തെ കളിയാക്കികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
വിദേശ പശുവിന്‍ പാല്‍ കുടിക്കുന്നതുകൊണ്ട് ഇന്ന് സ്ത്രീകള്‍ക്ക് ആകൃതി നഷ്ടപ്പെട്ടുവെന്നും സ്ത്രീകള്‍ വീപ്പ പോലെയായെന്നും അദ്ദേഹം പറഞ്ഞു.

‘ഇപ്പോള്‍ പശുത്തൊഴുത്തുകളില്‍ വിദേശ പശുക്കളെ കറക്കുന്നതിനായി മെഷിന്‍ ഉപയോഗിക്കുന്നു. പണ്ട് കാലത്ത്, ഒരു സ്ത്രീയുടെ ഇടുപ്പ് എട്ടിനോട് സാമ്യമുള്ളതായിരുന്നു. ചെറിയ കുട്ടി അരക്കെട്ടില്‍ ഇരുന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഒരു ബാരല്‍ പോലെയായിത്തീര്‍ന്നിരിക്കുന്നു, അതിനാലാണ് സ്ത്രീകള്‍ക്ക് മക്കളെ അരക്കെട്ടില്‍ കയറ്റാന്‍ കഴിയാത്തത്. ഷേപ്പ് നഷ്ടമായി സ്ത്രീകള്‍ വീപ്പകള്‍ പോലെ ആയി ‘
എന്നായിരുന്നു ലിയോണി പറഞ്ഞത്.

കോയമ്പത്തൂരില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി കാര്‍ത്തിയേക ശിവസേനാപതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ലിയോണിയുടെ വിവാദ പരാമര്‍ശം.

പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് സ്ത്രീ സംഘടനകളില്‍ നിന്നുള്‍പ്പടെ വ്യാപക രോഷമാണ് നേരിടുന്നത്. സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തി നേരത്തെയും ദിണ്ടിഗുള്‍ ലിയോണി വിവാദം സൃഷ്ടിച്ചിരുന്നു.

പാര്‍ട്ടി സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നതിന് മുന്‍പ് ഇങ്ങനെയുള്ളവരെ ഒഴിവാക്കണമെന്ന് കനിമൊഴി ആവശ്യപ്പെട്ടു. ഗര്‍ഭ ധാരണത്തിനു ശേഷമോ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കു ശേഷമോ എന്താണ് സംഭവിക്കുന്നതെന്ന് ലിയോണിന് അറിയാമോ എന്ന് ബിജെപി നേതാവ് ഗായത്രി രഘുറാം ചോദിച്ചു.

Exit mobile version