തെരഞ്ഞെടുപ്പ് അടുത്തപ്പോ ഇന്ധന വില നിശ്ചലം: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ കൂടിയിട്ടും വില കൂടുന്നില്ല; സര്‍ക്കാര്‍ വാദം പൊളിയുന്നു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം നിശ്ചലമായി രാജ്യത്തെ ഇന്ധനവില. കഴിഞ്ഞ 24 ദിവസമായി ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. ഇതോടെ വില കൂട്ടുന്നത് എണ്ണക്കമ്പനികളാണ്, സര്‍ക്കാരല്ല എന്ന കേന്ദ്രത്തിന്റെയും ബിജെപി നേതാക്കന്മാരുടെയും വാദം പൊളിഞ്ഞിരിക്കുകയാണ്.

കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91.64 രൂപയാണ് വില. ഡീസലിനാകട്ടെ 86.23 രൂപയാണ്. കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും നിലവില്‍ ഇന്ധനവില സര്‍വകാല റെക്കോഡിലാണ്. കൂടാതെ, 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ചില്ലറ ഇന്ധന വില ഇപ്പോള്‍.

ഓരോ ദിവസവും ഇന്ധനവില കൂട്ടുമ്പോള്‍ എണ്ണക്കമ്പനികള്‍ ന്യായം പറഞ്ഞത് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കൂടി എന്നാണ്. ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ കൂടിയിട്ടും എന്തുകൊണ്ട് ഇന്ധനവില കൂട്ടുന്നില്ലെന്ന ചോദ്യമുയരുന്നു.

ഫെബ്രുവരിയില്‍ തുടര്‍ച്ചയായി 12 ദിവസം വില കൂട്ടി. പെട്രോളിന് 4.52 രൂപയും ഡീസലിന് 4.88 രൂപയുമാണ് കൂട്ടിയത്. വില കൂട്ടാന്‍ തുടങ്ങിയ ഫെബ്രുവരി നാലിന് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 58.98 ഡോളറും സംസ്ഥാനത്ത് പെട്രോള്‍ വില 88.53 രൂപയുമായിരുന്നു. ഫെബ്രുവരി 27ന് അന്താരാഷ്ട്ര വില 65.86 ഡോളറായി ഉയര്‍ന്നു. സംസ്ഥാനത്ത് പെട്രോള്‍ വില 24 പൈസ കൂട്ടി 93.05 രൂപയും ഡീസലിന് 16 പൈസ കൂട്ടി 87.53 രൂപയുമാക്കി.

എന്നാല്‍, ഫെബ്രുവരി 26ന് തെരഞ്ഞെടുപ്പ് വിജ്ഞാപന ശേഷം മാര്‍ച്ച് അഞ്ചിന് അന്താരാഷ്ട്ര എണ്ണവില 69.95 ഡോളറായി ഉയര്‍ന്നിട്ടും വില കൂട്ടിയില്ല. ഏഴിന് സൗദി അറേബ്യയിലെ എണ്ണപ്പാടത്ത് ഡോണ്‍ ആക്രമണത്തെത്തുടര്‍ന്ന് വില വീണ്ടും കൂടിയിട്ടും ഇവിടെ വിലയില്‍ മാറ്റമുണ്ടായില്ല.

2018ല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 ദിവസവും 2017ല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 14 ദിവസവും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആഴ്ചകളോളവും വില കൂട്ടിയില്ല. വോട്ടെടുപ്പിന് പിറ്റേന്നുമുതല്‍ ഒമ്പതുദിവസം വില കൂട്ടി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 ദിവസം പാചകവാതക വില കൂട്ടല്‍ നീട്ടി വച്ചു. വോട്ടെടുപ്പ് കഴിഞ്ഞ് 146 രൂപ കൂട്ടി.

ലോക്ഡൗണ്‍ കാലത്ത് എണ്ണവില 20 ഡോളറിലേക്ക് താഴ്ന്നപ്പോള്‍ പോലും വില കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എണ്ണവില മാറ്റംവരുത്താതെ നിലനിര്‍ത്തുന്നത്. വോട്ടെടുപ്പിനു ശേഷം വന്‍ വിലവര്‍ധനവിനും ഇതോടെ സാധ്യത തെളിയുന്നുണ്ട്.

നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കും ആണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം, തമിഴ്‌നാട്, അസം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് വില വര്‍ദ്ധനവില്‍ കുറവ് വന്നിരിക്കുന്നത്.

Exit mobile version