ദേശീയ പതാകയുടെ രൂപത്തിലുള്ള കേക്ക് മുറിക്കുന്നത് രാജ്യദ്രോഹമല്ല: ദേശീയ വികാരത്തെ അവഹേളിച്ചിട്ടില്ല; മദ്രാസ് ഹൈക്കോടതി

ചെന്നൈ: ത്രിവര്‍ണ്ണ പതാകയുടെ രൂപത്തിലുള്ള കേക്ക് മുറിക്കുന്നത് രാജ്യദ്രോഹമല്ലെന്നും ദേശീയതയെ അപമാനിക്കലുമല്ലെന്നും മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എന്‍ ആനന്ദ് അധ്യക്ഷനായ ബെഞ്ചാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

ക്രിസ്മസ് ദിനത്തില്‍ ദേശീയ പതാകയുടെ നിറവും അശോകചക്രവുമുള്ള കേക്ക് മുറിച്ചത് ദേശീയതയ്ക്കെതിരാണെന്നായിരുന്നു സെന്തില്‍കുമാര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്.

2013 ലെ ക്രിസ്മസ് ആഘോഷത്തിലായിരുന്നു ദേശീയ പതാകയുടെ ത്രിവര്‍ണ്ണവും അശോകസ്തംഭവുമുള്ള കേക്ക് മുറിച്ചത്. ആറരയടി വലുപ്പത്തിലുള്ള കേക്കായിരുന്നു മുറിച്ചത്.

കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ്, സമുദായനേതാക്കള്‍, വിവിധ എന്‍ജിഒ നേതാക്കള്‍ എന്നിവരടക്കം 2500 പേരാണ് അന്ന് പരിപാടിയില്‍ പങ്കെടുത്തത്.

എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ദേശീയ വികാരത്തെ ഏതെങ്കിലും തരത്തില്‍ അവഹേളിക്കണം എന്നുണ്ടായിരുന്നു എന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ അതിന് മുന്‍പോ ശേഷമോ രാജ്യത്തിനെതിരായി വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കോടതി പറഞ്ഞു.

Exit mobile version