നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി20 മത്സരം ഉപേക്ഷിച്ചില്ലെങ്കിൽ തീ കൊളുത്തി മരിക്കുമെന്ന് യുവാവ്; ബാക്കി മത്സരങ്ങൾക്ക് ഇനി കാണികളില്ല

അഹമ്മദാബാദ്: കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കെ മൊട്ടേര നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി20 മത്സരം ഉപേക്ഷിച്ചില്ലെങ്കിൽ തീകൊളുത്തി മരിക്കുമെന്ന ഭീഷണിയുമായി ഗാന്ധിനഗറുകാരൻ. പങ്കജ് പട്ടേൽ എന്നയാളാണ് ഭീഷണി കോൾ നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പങ്കജ് പോലീസ് ഉദ്യോഗസ്ഥനെ ഫോൺ വിളിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു. ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിലെ ചന്ദ്‌ഖേദ പോലീസ് കേസെടുത്തിയിട്ടുണ്ട്.

മാർച്ച് 12ന് ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയുടെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥനായ സീനിയർ പോലീസ് ഇൻസ്‌പെക്ടർ കെവി പട്ടേലിനെ വിളിച്ചാണ് പങ്കജ് തീകൊളുത്തി മരിക്കുമെന്ന് അറിയിച്ചത്. സംഭാഷണത്തിനിടെ പങ്കജ് കോവിഡ് മാനദണ്ഡങ്ങൾ പിന്തുടർന്നിട്ടുണ്ടോ എന്ന് ചോദിക്കുന്നത് കേൾക്കാം.

കോവിഡ് വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 75,000 കാണികളെ ഉൾക്കൊള്ളിച്ചു കൊണ്ട് ടൂർണമെന്റ് നടത്തുന്നതിന്റെ താൽപര്യം എന്താണെന്നും അദ്ദേഹം ചോദിക്കുന്നു. വളരെ വലിയ ആരോഗ്യ അപകടങ്ങൾക്ക് ഇത് വഴി വെച്ചേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഈ ഫോൺകോളിനിടെ മാച്ച് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട പങ്കജ് അല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു,

അതേസമയം, പങ്കജിനെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. സമൂഹങ്ങൾക്കിടയിൽ ശത്രുത, ദേഷ്യം എന്നിവ പരത്താൻ ശ്രമിക്കൽ, കുറ്റകരമായ ഭീഷണിപ്പെടുത്തൽ, മനപൂർവ്വമുള്ള അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചാർത്തിയിരിക്കുന്നത്.

അതേസമയം, 1,10,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയമായ മൊട്ടേരയിൽ ഇവിടെ മൂന്നാം ട്വന്റി20 തൊട്ടുള്ള മറ്റ് മത്സരങ്ങളിൽ കാണികളെ അനുവദിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചിരിക്കുകയാണ്. ഗുജറാത്തിൽ കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

Exit mobile version