അപ്പോൾ കേന്ദ്രത്തിന് ഇന്ധനവിലയിൽ ഇടപെടാം! തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉയരാതെ ഇന്ധനവില; അന്താരാഷ്ട്രവിപണിയിൽ വില കൂടിയിട്ടും പരാതിയില്ലാതെ എണ്ണക്കമ്പനികൾ

modi-and-nirmala

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ദിനംപ്രതി ഉയർന്നിരുന്ന ഇന്ധനവില തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ സഡൻ ബ്രേക്കിട്ടതാണ് സോഷ്യൽമീഡിയയിലടക്കം ചർച്ച.

ഇന്ധന വില മാർച്ച് മാസത്തിൽ ഇതുവരെയും പരിഷ്‌കരിച്ചിട്ടില്ല, അവസാനമായി നിരക്കിൽ മാറ്റമുണ്ടായത് 2021 ഫെബ്രുവരി 27 നാണ്. അഥവാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായതിന് ശേഷം നിരക്കുകളിൽ ഒരുമാറ്റവും വന്നിട്ടില്ല. ഇന്ധവിലയിൽ കുറവും ഈ കാലയളവിൽ സംഭവിച്ചിട്ടില്ല. സ്ഥിരതയാണ് ഇപ്പോഴത്തെ പെട്രോൾ-ഡീസൽ വിലകളുടെ പ്രത്യേകത.

ഇന്ധനവില റെക്കോർഡ് ഉയരത്തിലാണ് നിൽക്കുന്നതെങ്കിലും നിരക്കിൽ ഒരുമാറ്റവും സംഭവിക്കാത്തത് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ കാരണമാണെന്ന് വ്യക്തമാണ്. എങ്കിൽ ഇന്ധനവില കുറയ്ക്കുന്ന കാര്യത്തിലും സർക്കാരിന് ഇടപെടലാകാമല്ലോ എന്നാണ് സോഷ്യൽമീഡിയയുടെ ചോദ്യം.

ആഗോളതലത്തിൽ, ക്രൂഡ് ഓയിൽ വില മാർച്ച് 15 ഓടെ ഉയർന്നിരുന്നു. എങ്കിലും രാജ്യത്തെ എണ്ണക്കമ്പനികൾ നിശബ്ദതയിലാണ്. വിലവർധിപ്പിക്കാതെ നോക്കുന്നുണ്ട്. ആഗോള വിപണിയിൽ ബ്രെന്റ് ബാരലിന് 70 ഡോളറിനടുത്തെത്തി. പ്രധാന ഉത്പാദകരുടെ (ഒപെക് പ്ലസ്) ഉത്പാദന വെട്ടിക്കുറവ് ഏപ്രിൽ വരെ തുടരാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നിരക്ക് ഉയരാൻ തുടങ്ങിയത്.

2021 മാർച്ച് 15 ലെ നിരക്കുകളുടെ അടിസ്ഥാനത്തിൽ നിലവിൽ രാജ്യത്ത് എല്ലായിടത്തും ഇന്ധന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഫെബ്രുവരി 27ന് അവസാനമായി ഇന്ധനവിലയിൽ മാറ്റം വന്നത് പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 15 പൈസയുമാണ് കൂട്ടിക്കൊണ്ടാണ്.

ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 91.17 രൂപയും ഡീസൽ 81.47 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 97.57 രൂപയും ഡീസലിന് 88.60 രൂപയും തിരുവനന്തപുരത്ത് പെട്രോളിന് 93.05 രൂപയും ഡീസലിന് 87.53 രൂപയുമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെബ്‌സൈറ്റ് പറയുന്നു.

ഇന്ധനത്തിന് ഏറ്റവും ഉയർന്ന വാറ്റ് ഈടാക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും കഴിഞ്ഞ മാസം പെട്രോൾ വില സെഞ്ച്വറി അടിച്ചിരുന്നു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ പെട്രോളിന്റെ ചില്ലറ വിൽപ്പന വില 101.84 രൂപയിൽ സ്ഥിരമായി തുടരുന്നതായി പ്രമുഖ ദേശീയ മാധ്യമമായ ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഡീസൽ ലിറ്ററിന് 93.77 രൂപയാണ് നിരക്ക്. മധ്യപ്രദേശിലെ അനുപൂരിൽ പെട്രോളിന് ലിറ്ററിന് 101.59 രൂപയും ഡീസൽ 91.97 രൂപയ്ക്കുമാണ് വിൽക്കുന്നത്.

രാജ്യത്തിന്റെ തന്നെ മുഖ്യവരുമാനം കുറയുമെന്നതിനാൽ ജിഎസ്ടി പരിധിയായ 18-28 ശതമാനത്തിൽ ഉൾപ്പെടുത്തി ഇന്ധന വില കുറയ്ക്കാൻ സർക്കാരുകൾ തയ്യാറാകാൻ തന്നെ സാധ്യത കുറവാണ്. എങ്കിലും ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് ജിഎസ്ടിയിൽ ഉൾപ്പെടുത്തി ഇന്ധന വില കുറയ്ക്കാമെന്ന നിർദേശം വന്നാലും പെട്രോളിയം ഉത്പന്നങ്ങൾക്ക് ആനുപാതികമായി എക്‌സിസൈസ് ഡ്യൂട്ടി ഏർപ്പെടുത്താൻ കേന്ദ്രത്തിന് സാധിക്കുമെന്നതിനാൽ ഇന്ധന വില കുറയുമെന്ന് സ്വപ്‌നം കാണേണ്ട.

Exit mobile version