സൊമാലിയന്‍ തീരത്ത് വീണ്ടും ആയുധങ്ങളുമായി മത്സ്യബന്ധന ബോട്ട് പിടിയില്‍

കൊച്ചി നാവിക സേന ആസ്ഥാനത്ത് നിന്നും പോയ എംവി സുനയ്‌ന എന്ന കപ്പലിലെ നാവികരാണ് 5 എകെ 47 തോക്കുകളും 471 തിരകളും മത്സ്യബന്ധന ബോട്ടില്‍ നിന്ന് പിടികൂടിയത്

കൊച്ചി: സൊമാലിയന്‍ തീരത്ത് വീണ്ടും ആയുധങ്ങളുമായി മത്സ്യബന്ധന ബോട്ട് പിടിയിലായി. സൊമാലിയന്‍ തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ സംശയകരമായ സാഹചര്യത്തില്‍ കണ്ട ബോട്ടില്‍ നിന്നാണ് ഇന്ത്യന്‍ നാവിക സേന ആയുധ ശേഖരം പിടികൂടിയത്. കൊച്ചി നാവിക സേന ആസ്ഥാനത്ത് നിന്നും പോയ എംവി സുനയ്‌ന എന്ന കപ്പലിലെ നാവികരാണ് 5 എകെ 47 തോക്കുകളും 471 തിരകളും മത്സ്യബന്ധന ബോട്ടില്‍ നിന്ന് പിടികൂടിയത്.

ഏദന്‍ കടലിടുക്കില്‍ പെട്രോളിംഗ് നടത്തുന്ന ദക്ഷിണ നാവിക സേന ആസ്ഥാനത്തു നിന്നുള്ള സംഘമാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. തോക്കുകള്‍ കസ്റ്റഡയിലെടുത്ത ശേഷം മത്സ്യബന്ധന ബോട്ട് വിട്ടയച്ചു.

ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സൊമാലിയന്‍ തീരത്തിനടുത്തെ മത്സ്യ ബന്ധന ബോട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുക്കുന്നത്. പിടിച്ചെടുത്ത ആയുധങ്ങള്‍ മുംബൈയിലേക്ക് കൊണ്ടുവരും. കടല്‍ക്കൊള്ളക്കാരുടെ സാന്നിധ്യം ഏറെയുള്ള സൊമാലിയന്‍ മേഖലകളില്‍ ഇന്ത്യന്‍ നാവിക സേന നിരീക്ഷണങ്ങള്‍ നടത്തി വരികയാണ്.

Exit mobile version