മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; കൂടുതല്‍ സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ഇടവേളക്ക് ശേഷം കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. നാഗ്പുരില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 15 മുതല്‍ 21വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. പച്ചക്കറി, പഴവര്‍ഗ്ഗ കടകള്‍, പാല് തുടങ്ങിയ അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും. നാഗ്പുര്‍ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള പ്രദേശങ്ങളിലായിരിക്കും ലോക്ഡൗണ്‍.

നാഗ്പുരില്‍ 1850ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം സംസ്ഥാനത്താകെ 13659 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സൂചന നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്നു. രണ്ടര മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് ആണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,854 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം 126 പേര്‍ കൂടി മരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്നലെ 22,854 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,12,85,561 ആയി. ഇതില്‍ 1,09,38,146 പേര്‍ രോഗമുക്തി നേടി. ആകെ മരിച്ചവരുടെ എണ്ണം 1,58,189 ആയി. നിലവില്‍ രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 1,89,226 ആണ്.

ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് രോഗമുക്തി നേടുന്നവരുടെ നിരക്ക് ദേശീയതലത്തില് 96.92 ശതമാനമാണ്. ദേശീയ തലത്തിലെ മരണനിരക്ക് 1.40 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

2020 ഓഗസ്റ്റ് 7 നാണ് ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നത്. അത് ഡിസംബര്‍ 19 ആയപ്പോഴെക്കും രാജ്യത്ത് ഒരു കോടി ജനങ്ങള്‍ ആകെ കൊവിഡ് ബാധിതരായി. 2021 മാര്‍ച്ച് 10 വരെ 22,42,58,293 സാമ്പിളുകളാണ് പരിശോധിച്ചത്.

നേരത്തെ മഹാരാഷ്ട്രയിലെ താനെയിലും നാസിക്കിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. നാസിക്കില്‍ ആഴ്ചയില്‍ ഒരു ദിവസം കര്‍ശനമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. താനെയില്‍ ഹോട്ട്സ്പോട്ടുകളില്‍ സമ്പൂര്‍ണ ലോക്ഡൗണാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാസിക് ജില്ലയില്‍ മാത്രം കൊവിഡ് കേസുകള്‍ ഒന്നരലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് വീണ്ടും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 15 മുതല്‍ നാസികില്‍ വിവാഹ ചടങ്ങുകള്‍ നിരോധിച്ചു. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ കടകളും ഓഫീസുകളും വൈകിട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. നാസിക് നഗരത്തില്‍ സ്‌കൂളുകളും കോളേജുകളും അടച്ചിടും. ആരാധനാലയങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ട്. ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു.

താനെയില്‍ കൊവിഡ് ഹോട്ട്സ്പോട്ടുകളില്‍ മാര്‍ച്ച് 31 വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ 16 ഹോട്ട്സ്പോട്ട് പ്രദേശങ്ങളാണ് നിലവിലുള്ളത്. മറ്റ് പ്രദേശങ്ങളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version