‘ജയലളിതയുടെ മരണശേഷം അനാഥനായി’; ഹാസ്യതാരം സെന്തിൽ ബിജെപിയിൽ ചേർന്നു

senthil

ചെന്നൈ: പ്രമുഖ തമിഴ് ഹാസ്യതാരം സെന്തിൽ എഐഎഡിഎംകെ വിട്ട് ബിജെപിയിൽ ചേർന്നു. ഏറെ നാളുകളായി എഡിഎംകെയുടെ രാഷ്ട്രീയ വേദിയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന സെന്തിൽ ഇന്നാണ് ബിജെപിയിൽ ചേർന്ന് വീണ്ടും രാഷ്ട്രീയത്തിൽ സജീവമായത്. തമിഴ്‌നാട് ബിജെപി നേതാവ് എൽ മുരുഗന്റെ സാന്നിധ്യത്തിലാണ് സെന്തിൽ ബിജെപിയിൽ അംഗത്വമെടുത്തത്.

നേരത്തെ, എഡിഎംകെയുമായി സെന്തിൽ സഹകരിക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങുകയും ചെയ്തിരുന്നു. ജയലളിതയുടെ കാലത്ത് എഡിഎംകെയുടെ തെരഞ്ഞെടുപ്പ് റാലികളിൽ സെന്തിൽ പങ്കെടുത്തിരുന്നു.

അതേസമയം, ജയലളിതയുടെ മരണത്തിന് ശേഷം താൻ രാഷ്ട്രീയത്തിൽ അനാഥനായിപ്പോയെന്നും പിന്നീട് എഡിഎംകെയുമായി സഹകരിക്കാൻ തോന്നിയിരുന്നില്ലെന്നും സെന്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിജെപി അധികാരത്തിൽ വന്നാൽ തമിഴ്‌നാട്ടിലെ അഴിമതി ഇല്ലാതാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം ബിജെപി അംഗത്വമെടുത്തതിന് ശേഷം മാധ്യമങ്ങൾക്ക് മുമ്പിൽ അഭിപ്രായപ്പെട്ടു.

Exit mobile version