കേരളത്തില്‍ നിന്ന് ഇനി തമിഴ്‌നാട്ടിലേക്ക് പോകണമെങ്കില്‍ ഇ പാസ് നിര്‍ബന്ധം; അതിര്‍ത്തിയില്‍ തമിഴ്‌നാട് പരിശോധന ശക്തമാക്കി

പാലക്കാട്: കേരളത്തില്‍ നിന്ന് ഇനി തമിഴ്‌നാട്ടിലേക്ക് പോകണമെങ്കില്‍ ഇ പാസ് നിര്‍ബന്ധം. തമിഴ്‌നാടിന്റെ ഇപാസ് ഉള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് കടത്തിവിടൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള എല്ലാ യാത്രാവാഹനങ്ങളും ചരക്ക് വാഹനങ്ങളും തമിഴ്‌നാട് അതിര്‍ത്തിയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധിക്കുകയാണ്.

ഇന്ന് ഉച്ചമുതലാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചത്. വാഹനങ്ങളിലെ യാത്രക്കാരുടെ ശരീര ഉഷ്മാവും പരിശോധിക്കുന്നുണ്ട്. അതേസമയം തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കുളള യാത്രക്ക് നിയന്ത്രണങ്ങളില്ല.

കോയമ്പത്തൂരുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിന്റെ 13 ചെക്‌പോസ്റ്റുകളിലും തമിഴ്‌നാട് ആരോഗ്യവകുപ്പ്, തദ്ദേശവകുപ്പ്, പോലീസ് എന്നിവയുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തുന്നുണ്ട്. തമിഴ്‌നാട്ടിലേക്ക് വരുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഇന്നലെ കോയമ്പത്തൂര്‍ കലക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും നിലവില്‍ അതു നിര്‍ബന്ധമാക്കിയിട്ടില്ല.

അതേസമയം കര്‍ണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നടപടി ബാധകമല്ല. ഇപാസ് (ടിഎന്‍ഇപാസ്)തമിഴ്‌നാട് സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ നിന്നാണ് ലഭ്യമാകുക.

Exit mobile version