‘പാവപ്പെട്ടവരാണ് എന്റെ സുഹൃത്തുക്കള്‍’: അവര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, അവരും ഞങ്ങള്‍ക്കൊപ്പം വളരുന്നു; മോഡി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും തൃണമൂല്‍ സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മമത ബാനര്‍ജി ഭരിക്കുന്നത് മരുമകന് വേണ്ടിയാണെന്നും ബ്രിഗേഡ് മൈതാനിയിലെ ജനക്കൂട്ടം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പതനത്തിന്റെ സൂചനയാണെന്നും മോഡി പറഞ്ഞു.

ബിജെപി അധികാരത്തില്‍ വരികയാണെങ്കില്‍ ബംഗാളിന്റെ സുവര്‍ണ കാലഘട്ടമായിരിക്കുമെന്ന് മോഡി വാഗ്ദാനം ചെയ്തു. കൊല്‍ക്കത്തയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവരാണ് തന്റെ സുഹൃത്തുക്കളെന്നും തങ്ങള്‍ക്കൊപ്പം അവരാണ് വളരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘എതിരാളികള്‍ പറയുന്നത് ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന്. ശരിയാണ് ഞങ്ങള്‍ക്കൊപ്പം വളരുന്നവര്‍ ഞങ്ങളുടെ മികച്ച സുഹൃത്തുക്കളാണ്. ഞാന്‍ ദാരിദ്ര്യത്തിലാണ് വളര്‍ന്നത്, അതിനാല്‍ ഇന്ത്യയുടെ എല്ലാ കോണുകളിലും താമസിക്കുന്ന പാവപ്പെട്ടവരുടെ അവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കായി പ്രവര്‍ത്തിക്കുന്നു, അത് തുടരും’ മോഡി പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപക്ഷം, കോണ്‍ഗ്രസ്, ബംഗാള്‍ വിരുദ്ധ മനോഭാവം പുലര്‍ത്തുന്നവര്‍ തുടങ്ങിയവര്‍ ഒരു ഭാഗത്തും ബംഗാളിലെ ജനങ്ങള്‍ മറുഭാഗത്തുമാണെന്ന് മോഡി പറഞ്ഞു. ‘സുവര്‍ണ ബംഗാള്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കും. ബംഗാളിന്റെ വികസനത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാനും നിക്ഷേപം വര്‍ദ്ധിപ്പിക്കാനും ബംഗാളിന്റെ സംസ്‌കാരം സംരക്ഷിക്കാനും മാറ്റം വരുത്താനുമാണ് ഞാന്‍ ഇന്ന് ഇവിടെയെത്തിയിരിക്കുന്നത്. അടുത്ത 25 വര്‍ഷം ബംഗാളിന്റെ വികസനത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. അടുത്ത 25 വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്റെ വികസനത്തിന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അടിത്തറപാകും’, പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സാധാരണക്കാരന്റെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ മമതക്ക് കഴിഞ്ഞില്ല. മമത മരുമകനും സ്വന്തക്കാര്‍ക്കും വേണ്ടിയാണു ഭരണം നടത്തുന്നത്. ഇനിയും വര്‍ഗീയ പ്രീണനവും അക്രമവും അഴിമതിയും അനുവദിക്കില്ല.

ബംഗാളിലെ ജനങ്ങള്‍ നിങ്ങളെ ‘ദീദി’ ആയി തിരഞ്ഞെടുത്തു, പക്ഷേ പിന്നെ എന്തിനാണ് നിങ്ങള്‍ ഒരു മരുമകന്റെ അമ്മായി ആയി മാറിയത്? ബംഗാളിലെ ജനങ്ങള്‍ നിങ്ങളോട് ഈ ഒരു ചോദ്യം മാത്രമാണ് ചോദിക്കുന്നതെന്നും മോഡി പരിഹസിച്ചു.

‘സ്‌കൂട്ടറില്‍ നിന്ന് നിങ്ങള്‍ വീഴാതിരുന്നത് നന്നായി. ഇല്ലെങ്കില്‍ നിങ്ങള്‍ സ്‌കൂട്ടര്‍ നിര്‍മിച്ച സംസ്ഥാനത്തേയും ശത്രുവായി കാണുമായിരുന്നു. ഭവാനിപുരിന് പകരം നിങ്ങള്‍ ഇത്തവണ നന്ദിഗ്രാം തിരഞ്ഞെടുത്തിരിക്കുന്നു. എല്ലാവരേയും ഞാന്‍ നന്നായി ആശംസിക്കുന്നു, ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. നന്ദിഗ്രാമില്‍ സ്‌കൂട്ടര്‍ വീഴാന്‍ തീരുമാനിച്ചാല്‍ എനിക്ക് എന്തുചെയ്യാനാകും’, മോഡി പറഞ്ഞു.

അതേസമയം, സിലിഗുരിയില്‍ പാചകവാത വിലവര്‍ധനവിനെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ മമത ബാനര്‍ജി മോഡിയെ പരിഹസിച്ചു. ബംഗാളില്‍ മാറ്റം വരുമെന്നാണ് ബിജെപി പറയുന്നത്. ടിഎംസി ബംഗാളില്‍ തന്നെ കാണും. യഥാര്‍ത്ഥ മാറ്റം ഡല്‍ഹിയില്‍ ആണ് ഉണ്ടാകാന്‍ പോകുന്നതെന്നും മമത പറഞ്ഞു.

Exit mobile version