തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പ്രചരണത്തിന് ഇറങ്ങും; രാഹുൽ മീൻ പിടിച്ച് നടക്കുന്നു; എന്നിട്ട് കുറ്റം ഇവിഎമ്മിനും: വിമർശനവുമായി മധ്യപ്രദേശ് മന്ത്രി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിന് ഇറങ്ങാതെ യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് മധ്യപ്രദേശിലെ ബിജെപി മന്ത്രി. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഹുൽ ഗാന്ധി മീൻ പിടിച്ചു നടക്കുകയാണെന്ന് മന്ത്രി നരോത്തം മിശ്ര വിമർശിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി പ്രചരണത്തിനിറങ്ങും, രാഹുൽഗാന്ധി മീൻ പിടിച്ചും നടക്കും ഫലം വരുമ്പോൾ ഇവിഎമ്മിൽ അട്ടിമറി നടത്തിയെന്ന പ്രചരണം നടത്തുമെന്ന് നരോത്തം മിശ്ര പറഞ്ഞു.

തെരഞ്ഞെടുപ്പിന് കേരളത്തിലെത്തിയ രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോയത് വൻ ചർച്ചയായിരുന്നു. ഇതിനിടെയാണ് പശ്ചിമ ബംഗാളിന്റെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവായ നരോത്തം മിശ്ര വിമർശനവുമായി രംഗത്തെത്തിയത്.

രാഹുൽ ഗാന്ധിയുടെ കടൽ യാത്രയ്ക്ക് എതിരെ ബിജെപി വിമർശനവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, രാഹുൽ കേരളത്തിൽ ഉൾപ്പടെ സന്ദർശനം നടത്തുമ്പോൾ പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് റാലികൾ രണ്ടാംഘട്ടത്തിൽ എത്തി നിൽക്കുകയാണ് ബിജെപി.

‘പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ തുടങ്ങിയവർ തമിഴ്‌നാട്, ആസാം, കേരള, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നു. എന്നാൽ, രാഹുൽ ഗാന്ധി മീൻ പിടിച്ചുനടക്കുകയാണ്. പിന്നീട് അവർ ഇവിഎം അട്ടിമറി നടന്നുവെന്ന് ആരോപിക്കും]- നരോത്തം മിശ്ര പറഞ്ഞു.

ഇതിനിടെ, കോൺഗ്രസ് സർക്കാറുകളെ ബിജെപി അട്ടിമറിക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം ഇതിനിടെ ചർച്ചയായിരുന്നു. മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാതെ രാജ്യത്ത് കോൺഗ്രസ് സർക്കാരുകൾക്കു രക്ഷയില്ല. 10-15 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാൽ ഭരണം ബിജെപി അട്ടിമറിക്കുകയാണ്. മധ്യപ്രദേശ്, പുതുച്ചേരി, ഗോവ, അരുണാചൽ സംസ്ഥാനങ്ങളിൽ അരങ്ങേറിയ ജനാധിപത്യ ധ്വംസനം പരിശോധിച്ചാൽ ഇത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version