‘ബംഗാളിന് സ്വന്തം മകളെ മാത്രം മതി’!ബംഗാളില്‍ ബിജെപി രണ്ടക്കം കാണില്ല, പ്രവചനം ആവര്‍ത്തിച്ച് പ്രശാന്ത് കിഷോര്‍

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളില്‍ ബിജെപി രണ്ടക്കം കാണില്ലെന്ന നിലപാടിലുറച്ച് തെരഞ്ഞെടുപ്പ് തന്ത്ര രൂപീകരണ വിദഗ്ദന്‍ പ്രശാന്ത് കിഷോര്‍.

മെയ് രണ്ടിന് എന്റെ കഴിഞ്ഞ ട്വീറ്റ് ശരിയാകുന്നത് നിങ്ങള്‍ക്ക് കാണാം’ – അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘ഇന്ത്യയിലെ ജനാധിപത്യത്തിനായുള്ള നിര്‍ണായക പോരാട്ടം നടക്കുന്നയിടം പശ്ചിമ ബംഗാളാണ്. ബംഗാളിലെ ജനങ്ങള്‍ അവരുടെ സന്ദേശവുമായി തയ്യാറാണ്. ശരിയായ കാര്‍ഡ് കാണിക്കാന്‍ അവര്‍ ദൃഢനിശ്ചയമെടുത്തവരാണവര്‍ – #BanglaNijerMeyekeiChay (ബംഗാളിന് സ്വന്തം മകളെ മാത്രം മതി)-പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചു.


പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ സഹായിക്കുന്നത് പ്രശാന്ത് കിഷോറിന്റെ കമ്പനിയായ ഐ -പാക് ആണ്.

ബംഗാളില്‍ ബിജെപി രണ്ടക്കം കാണില്ലെന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ പ്രശാന്ത് ട്വിറ്ററില്‍ കുറിച്ചത്. ‘ബിജെപി അനുകൂല മാധ്യമങ്ങള്‍ വലുതാക്കി കാണിക്കുന്ന പ്രചാരണങ്ങള്‍ക്കപ്പുറം, പശ്ചിമ ബംഗാളില്‍ യാഥാര്‍ഥ്യത്തില്‍ ബിജെപി രണ്ടക്കം കടക്കില്ല. ഈ ട്വീറ്റ് കുറിച്ച് വെച്ചോളൂ. ബിജെപി അതിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചാല്‍ ഞാന്‍ ട്വിറ്റര്‍ വിടും’ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27 നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.


എട്ടുഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 27 നു തുടങ്ങുന്ന തെരഞ്ഞെടുപ്പ് ഏപ്രില്‍ 29നാണു അവസാനിക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

എന്നാല്‍ എട്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു.

Exit mobile version