‘പട്ടേലിനെ മാറ്റി ഇനി മുതല്‍ മോഡി’! ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി മുതല്‍ നരേന്ദ്ര മോഡി സ്റ്റേഡിയം; പേര് മാറ്റം ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് തൊട്ടുമുമ്പ്

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി മുതല്‍ നരേന്ദ്ര മോഡി സ്റ്റേഡിയം. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ഉദ്ഘാടനം ചെയ്യവെ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അതേസമയം, ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരം നടക്കാനിരിക്കെയാണ് സ്റ്റേഡിയത്തിന്റെ പേരുമാറ്റം. മൊട്ടേര സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമാണ് ഇനിമുതല്‍, നരേന്ദ്ര മോഡി സ്റ്റേഡിയം എന്നറിയപ്പെടുക. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

നവീകരിച്ചതിനുശേഷമുള്ള ആദ്യ രാജ്യാന്തര മത്സരം, ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഉച്ചയ്ക്ക് തുടങ്ങും. പിങ്ക് ബോള്‍ ടെസ്റ്റാണ് സ്റ്റേഡിയത്തിലെ ആദ്യ മത്സരമെന്നതും പ്രത്യേകതയാണ്. പരമ്പരയിലെ 3,4 ടെസ്റ്റുകളും അഞ്ച് ട്വന്റികളും ഈ സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയപ്പോള്‍ നരേന്ദ്ര മോഡി ആതിഥ്യമരുളിയത് ഇവിടെയാണ്.

അഹമ്മദാബാദിലെ മൊട്ടേരയില്‍ സ്റ്റേഡിയം പണിതത് 1983-ല്‍, ആദ്യത്തെ പേര് ഗുജറാത്ത് സ്റ്റേഡിയം എന്നായിരുന്നു. 2006-ല്‍ നവീകരിച്ചു, സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമായി. 2016-ല്‍ വീണ്ടും പുതുക്കിപ്പണിയാന്‍ ആരംഭിച്ചു. പണി പൂര്‍ത്തിയായത് 2020 ഫെബ്രുവരിയില്‍. 800 കോടി രൂപ ചെലവിലാണ് നവീകരിച്ചത്.

1,10,000 സീറ്റുകളുള്ള സ്‌റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണിത്. കോവിഡ് ആയതിനാല്‍, ഇക്കുറി ടെസ്റ്റിന് 55,000 പേരെ മാത്രമേ അനുവദിക്കൂ. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് (1,00,000 ഇരിപ്പിടങ്ങള്‍) രണ്ടാമത്. 63 ഏക്കറിലാണ് സ്റ്റേഡിയം പടര്‍ന്നുകിടക്കുന്നത്.

Exit mobile version