കര്‍ണാടക അതിര്‍ത്തി അടച്ച സംഭവം: പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള യാത്രക്കാരെയും വാഹനങ്ങളെയും കര്‍ണാടക അതിര്‍ത്തികളില്‍ തടയുന്നത് ഒഴിവാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.

കര്‍ണാടകം നിയന്ത്രണം ഏര്‍പ്പടുത്തിയത് മൂലം വിദ്യാര്‍ഥികളും ആശുപത്രി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ പോലും തടയുന്ന സ്ഥിതിയുണ്ട്.

അന്തര്‍സംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമാണ് ഈ നടപടി. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ അനുകൂലമായ നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അന്തര്‍ സംസ്ഥാന യാത്രയ്ക്ക് ഒരു സംസ്ഥാനവും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശം. എന്നാല്‍ കര്‍ണാടക കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടയുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കുന്നവരെ മാത്രമേ കര്‍ണാടകയിലേയ്ക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്ന നിലപാടാണ് അതിര്‍ത്തിയില്‍ കര്‍ണാടക സ്ഥീകരിച്ചിരിക്കുന്നത്.

Exit mobile version