കൊവിഡ് വ്യാപനം ഉയരുന്നു; ഒരാഴ്ചയ്ക്കിടെ മഹാരാഷ്ട്രയില്‍ അഞ്ചു മന്ത്രിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ : മഹാരാഷ്ട്രയില്‍ ഒരാഴ്ചയ്ക്കിടെ അഞ്ചു മന്ത്രിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഒടുവില്‍ ഭക്ഷ്യമന്ത്രി ഛഗന്‍ ഭുജ്ബലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇതോടെ ഈ മാസത്തില്‍ ഇതുവരെ ആരോഗ്യമന്ത്രി ഉള്‍പ്പെടെ കൊവിഡ് ബാധിച്ച മഹാരാഷ്ട്ര മന്ത്രിമാരുടെ എണ്ണം ഏഴായി. മന്ത്രിമാരായ രാജേഷ് തോപെ, അനില്‍ ദേശ്മുഖ്, ജയന്ത് പാട്ടീല്‍, രാജേന്ദ്ര ഷിഗ്‌നെ, സാതേജ് പാട്ടീല്‍, ബച്ചു കാഡു എന്നിവരാണ് കൊവിഡ് പോസിറ്റീവ് ആയവര്‍. ബച്ചു കാഡു രണ്ടാമത്തെ തവണയാണ് കൊവിഡ് ബാധിതനാകുന്നത്.

അതേസമയം കഴിഞ്ഞ കുറച്ച് ആഴ്ചകളായി സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുകയാണ്. കഴിഞ്ഞ മാസങ്ങളില്‍ 2500 ല്‍ താഴെ നിന്ന കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ പ്രതിദിനം ഏഴായിരത്തിന് അടുത്തിരിക്കുകയാണ്. മുപ്പതിന് മുകളില്‍ കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 21,00,884 ആയി ഉയര്‍ന്നു. മരണം 51,788 ആയി. കൊവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ വീണ്ടും ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിതി അതീവഗുരുതരമാണ്. അടുത്ത രണ്ടാഴ്ചത്തെ റിപ്പോര്‍ട്ട് വിലയിരുത്തിയശേഷം വീണ്ടും ലോക്ഡൗണ് നടപ്പാക്കുന്നതു പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.

Exit mobile version