രാംദേവിന്റെ പാമ്പെണ്ണയ്ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം: നമ്മളാണ് ഇന്ത്യയുടെ മണ്ടന്മാര്‍; പതഞ്ജലിയുടെ മരുന്നിനെതിരെ നടന്‍ സിദ്ധാര്‍ഥ്

ചെന്നൈ: കോവിഡിന് മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന വ്യാജവാര്‍ത്തയില്‍ പ്രതികരിച്ച് നടന്‍ സിദ്ധാര്‍ഥ്.

പതഞ്ജലിയുടെ മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രാം ദേവിനെയും കേന്ദ്ര ആരോഗ്യമന്ത്രിയെയും വിമര്‍ശിച്ച് സിദ്ധാര്‍ഥ് രംഗത്തെത്തിയിരിക്കുന്നത്.

‘രാംദേവിന് പിന്നിലുള്ള പരസ്യബോര്‍ഡില്‍ പറയുന്നത് ഇയാളുടെ കൊറോണില്‍ എന്ന പാമ്പെണ്ണയ്ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയെന്നാണ്. രാംദേവിന്റെ തൊട്ടടുത്തിരിക്കുന്നത് ഇന്ത്യയുടെ കേന്ദ്ര ആരോഗ്യമന്ത്രിയാണ്. മുന്നിലിരിക്കുന്ന മനുഷ്യര് നമ്മളാണ്, ഇന്ത്യയുടെ മണ്ടന്മാര്‍. ആരോഗ്യം എന്നു പറയുന്നത് സമ്പത്താണ്, അപ്പോള്‍ ആരോഗ്യമന്ത്രി…’ സിദ്ധാര്‍ഥ് ട്വിറ്ററില്‍ എഴുതി.

രാം ദേവിന്റെ പതഞ്ജലിക്ക് പ്രചാരം നല്‍കുന്നതിലൂടെ കേന്ദ്ര ആരോഗ്യമന്ത്രിക്ക് സാമ്പത്തിക ലാഭം ലഭിക്കുന്നുണ്ടെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.

കഴിഞ്ഞ ദിവസമാണ് കൊവിഡിനുള്ള മരുന്ന് ഫലപ്രദമാണ് എന്ന് അവകാശപ്പെട്ട് മരുന്നിന്റെ ശാസ്ത്രീയ തെളിവുകള്‍ ആണെന്ന് അവകാശപ്പെട്ട് ചില രേഖകള്‍ രാംദേവ് പുറത്തുവിട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധനും നിതിന്‍ ഗഡ്കരിയും അടക്കം പങ്കെടുത്ത ചടങ്ങിലാണ് തെളിവ് എന്ന അവകാശപ്പെടുന്ന രേഖകള്‍ പുറത്തുവിട്ടത്. ഇതിലാണ് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചതായും പറഞ്ഞിരുന്നത്.

Exit mobile version