ബാബാ രാംദേവിന്റെ നേപ്പാളിലെ ടെലിവിഷൻ ചാനലുകളുടെ പ്രവർത്തനം അനുവാദമില്ലാതെ; സർക്കാർ നടപടിയെടുത്തേക്കും

കാഠ്മണ്ഡു: പതഞ്ജലി ഗ്രൂപ്പിന്റെ തലവൻ ബാബാ രാംദേവിന്റെ നേപ്പാളിൽ പ്രവർത്തിക്കുന്ന രണ്ട് ടെലിവിഷൻ ചാനലുകൾക്കെതിരെ നേപ്പാൾ സർക്കാർ നടപടിയെടുത്തേക്കും. അനുവാദമില്ലാതെയും നടപടി ക്രമങ്ങൾ പാലിക്കാതെയുമാണ് രാജ്യത്ത് ടെലിവിഷൻ ചാനലുകൾ പ്രവർത്തിക്കുന്നതെന്നാണ് സർക്കാർ കണ്ടെത്തൽ.

ഈ കുറ്റങ്ങൾ തെളിഞ്ഞാൽ രണ്ടു ടെലിവിഷൻ ചാനലുകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മുതിർന്ന ഉദ്യോഗസഥൻ പറഞ്ഞു. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ -മാവോയിസ്റ്റ് സെന്റർ ചെയർമാൻ പുഷ്പ കമൽ ദഹലും സംയുക്തമായാണ് രാംദേവിന്റെ ആസ്ത നേപ്പാൾ ടിവിയും പതഞ്ജലി നേപ്പാൾ ടിവിയും ലോഞ്ച് ചെയ്തത്.

ചടങ്ങിൽ രാംദേവിന്റെ അടുത്ത സഹായി ആചാര്യ ബാലകൃഷ്ണയും പങ്കെടുത്തിരുന്നു. മതപരവും യോഗയുമായി ബന്ധപ്പെട്ട പരിപാടികളും സംപ്രേക്ഷണം ചെയ്യുന്നതിനാണ് രണ്ടു ചാനലുകളും. എന്നാൽ, രാജ്യത്ത് പ്രവർത്തിക്കാനാവശ്യമായ ടെലിവിഷൻ ചാനൽ രജിസ്‌ട്രേഷന് ഇവ രണ്ടും അപേക്ഷിച്ചിട്ടില്ലെന്നും ചാനൽ ആരംഭിക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും നേപ്പാളിലെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് ഡയറക്ടർ ജനറൽ ഗോഗൻ ബഹദൂർ ഹമാൽ പറഞ്ഞു.

അതേസമയം, ചാനലുകൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ അനുമതികൾക്കായി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പതഞ്ജലി വ്യക്തമാക്കി. ടെലിവിഷൻ ചാനലുകൾ ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. സാങ്കേതിക തയാറെടുപ്പുകൾ മാത്രമാണ് ആരംഭിച്ചതെന്നും ടെലിവിഷൻ ബ്രോഡ്കാസ്റ്റിങ് ഓഫിസ് കെട്ടിടം ഉദ്ഘാടനം മാത്രമാണ് നടന്നതെന്നും പതഞ്ജലി അറിയിച്ചു.

Exit mobile version