കര്‍ഷക സമരം തിരിച്ചടിച്ചു: പഞ്ചാബിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തൂത്തുവാരി കോണ്‍ഗ്രസ്; ചിത്രത്തിലില്ലാതെ ബിജെപി

അമൃത്സര്‍: കര്‍ഷക സമരത്തില്‍ തിരിച്ചടിയേറ്റ് ബിജെപി. പഞ്ചാബിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരി കോണ്‍ഗ്രസ്, ചിത്രത്തിലില്ലാതെ ബിജെപി. കാര്‍ഷിക സമരത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ ഫെബ്രുവരി 14നായിരുന്നു തെരഞ്ഞെടുപ്പ്.

ഇന്ന് ഫലം പ്രഖ്യാപിച്ച ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും കോണ്‍ഗ്രസ് സ്വന്തമാക്കി. മോഗ, ഹോഷിയാര്‍പുര്‍, കപൂര്‍ത്തല, അബോഹര്‍, പത്താന്‍കോട്ട്, ബറ്റാല, ഭട്ടിന്‍ഡ എന്നീ കോര്‍പ്പറേഷനുകളാണ് കോണ്‍ഗ്രസ് തൂത്തുവാരിയത്.

ഭട്ടിന്‍ഡയില്‍ 53 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് ഭരണം പിടിക്കുന്നത്. മൊഹാലി കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം നാളെയാണ് പ്രഖ്യാപിക്കുക.

ആകെയുള്ള 109 മുനിസിപ്പല്‍ കൗണ്‍സില്‍, നഗര്‍ പഞ്ചായത്തുകളില്‍ 77 എണ്ണത്തില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. ശിരോമണി അകാലിദള്‍ എട്ടിടത്താണ് ലീഡ്.
ബിജെപി ഒരിടത്ത് പോലും മുന്നേറുന്നില്ല.

ഭട്ടിന്‍ഡ മുനിസിപ്പല്‍ കോര്‍പറേഷനിലെ അമ്പത് സീറ്റില്‍, 30 ഇടത്തെ ഫലം പുറത്തുവരുമ്പോള്‍ 25 സീറ്റിലും കോണ്‍ഗ്രസാണ് മുമ്പില്‍. അഞ്ചിടത്ത് അകാലിദള്‍ ലീഡ് ചെയ്യുന്നു. എഎപിക്കും ബിജെപിക്കും അക്കൗണ്ട് തുറക്കാനായിട്ടില്ല.

ഹോഷിയാപൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ 50 സീറ്റില്‍ 41 ഇടത്തും കോണ്‍ഗ്രസാണ് മുമ്പില്‍. അകാലിദള്‍ 2, ബിജെപി 4, എഎപി 0, സ്വതന്ത്രര്‍ 3 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ ലീഡ് നില.

അഭോര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ അമ്പത് സീറ്റില്‍ 49 ഇടത്തും കോണ്‍ഗ്രസ് വിജയിച്ചു. ഒരിടത്ത് അകാലിദളും. മോഗയിലെ 50 സീറ്റില്‍ 20 സീറ്റില്‍ കോണ്‍ഗ്രസും അകാലിദള്‍ 15 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി ഒരിടത്തു മാത്രമാണ് മുമ്പില്‍ നില്‍ക്കുന്നത്. രാജ്പുരയിലെ 31 സീറ്റില്‍ 27 ഇടത്തും കോണ്‍ഗ്രസ് മുമ്പിലാണ്.

ഗുര്‍ദാസ്പൂരിലെ 29 സീറ്റിലും കോണ്‍ഗ്രസ് തന്നെയാണ് മുമ്പില്‍. ശ്രീഹര്‍ഗോബിന്ദ്പൂരിലെ 11 സീറ്റില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ഏഴിടത്ത് സ്വതന്ത്രരും. ഗുരുദാസ്പൂരിലെ 29 സീറ്റും കോണ്‍ഗ്രസ് സ്വന്തമാക്കി. ബിജെപി എംപി സണ്ണി ഡിയോളിന്റെ മണ്ഡലമാണ് ഗുരുദാസ്പൂര്‍. ഭവാനിഗര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 15ല്‍ 13 സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചു.

എട്ട മുനിസിപ്പല്‍ കോര്‍പറേഷനുകളും 109 മുനിസിപ്പല്‍ കൗണ്‍സിലുകളും ഉള്‍പ്പെടെ 117 തദ്ദേശ ഭരണസ്ഥാപനങ്ങളിലെ 2302 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 9222 സ്ഥനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

Exit mobile version