കവിത ചൊല്ലിയാല്‍ പെട്രോള്‍ ഫ്രീ; നയാപൈസ ചിലവില്ലാതെ സൂപ്പര്‍ ഓഫറൊരുക്കി പമ്പ്

ചെന്നൈ: രാജ്യത്ത് പെട്രോള്‍ വില സെഞ്ചുറിയോടടുക്കുകയാണ്. 91 രൂപയ്ക്ക് മുകളിലാണ് ഒരു ലിറ്ററിന് വില. ഈ പൊള്ളുന്ന വിലയില്‍ പെട്രോള്‍ സൗജന്യമായി കിട്ടും.

തമിഴ്‌നാട്ടില്‍ കരൂര്‍ ജില്ലയിലെ നാഗംപള്ളി ഗ്രാമത്തിലെ വള്ളുവാര്‍ ഏജന്‍സിയാണ് സൗജന്യ പെട്രോള്‍ നല്‍കുന്നത്. ഒരു കാര്യം മാത്രം കുട്ടികള്‍ക്കാണ് ഈ അവസരമുള്ളത്.

പക്ഷേ, വെറുതേ ചെന്നാല്‍ ഫ്രീ പെട്രോള്‍ കിട്ടില്ല. ചെയ്യേണ്ടത് ഇത്രമാത്രം-തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രമുഖ കൃതികളിലൊന്നായ തിരുക്കുറളിന്റെ ഈരടികള്‍ കാണാതെ ചൊല്ലണം. ഒരു തെറ്റുപോലും ഉണ്ടാവരുത്.

ഇങ്ങനെ പത്ത് ഈരടികള്‍ തെറ്റാതെ ചൊല്ലിയാല്‍ അര ലിറ്റര്‍ പെട്രോളും ഇരുപത് ഈരടികള്‍ ചൊല്ലിയാല്‍ ഒരുലിറ്റര്‍ പെട്രോളുമാണ് ലഭിക്കുക.

ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസുവരെയുളള വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അവസരം.
ഇതിനകം നിരവധി പേര്‍ അവസരം പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. ഒരുകുട്ടിക്ക് നിശ്ചിത അവസരം മാത്രമേ പ്രയോജനപ്പെടുത്താനാവൂ.

തിരുക്കുറള്‍ പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പെഷ്യല്‍ ഓഫര്‍ വച്ചതെന്നാണ് പമ്പിന്റെ നടത്തിപ്പുകാര്‍ പറയുന്നത്. പഠനം പ്രോത്സാഹിപ്പിക്കാന്‍ വഴിയെന്താണെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് സൗജന്യമായി പെട്രോള്‍ നല്‍കാം എന്ന ഓഫര്‍ മുന്നോട്ടുവച്ചത്.

തിരുവള്ളുവരാണ് തിരുക്കുറള്‍ രചിച്ചത്. തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രമുഖ കൃതികളിലൊന്നാണിത്. തമിഴ് മറൈ (തമിഴ് വേദം), തെയ്വ നൂല്‍ (ദിവ്യഗ്രന്ഥം) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. തിരുക്കുറളില്‍ 133 അദ്ധ്യായങ്ങളിലായി 1330 കുറളുകള്‍(ഈരടികള്‍) ആണുള്ളത്.

ഇതില്‍ ഓരോ അദ്ധ്യായത്തിനും തനതായ വിഷയം സൂചിപ്പിക്കുന്ന പേര് നല്കിയിട്ടുണ്ട്. സ്വയം സദാചാരങ്ങളനുഷ്ഠിച്ച്, യഥാശക്തി പരോപകാരം ചെയ്തുകൊണ്ട് മനുഷ്യജന്മം സഫലമാക്കുവാനാണ് തിരുക്കുറള്‍ അനുശാസിക്കുന്നത്.

Exit mobile version