തന്റെ വസതിക്ക് പുറത്ത് സായുധ സേനയെ വിന്യസിച്ചിരിക്കുന്നു; കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണ് മഹുവ മൊയ്ത്ര എംപി

ന്യൂഡൽഹി: തന്നെ കേന്ദ്രസർക്കാർ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് എന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഡൽഹി പോലീസിന് കത്തെഴുതി. തന്നോട് അനുവാദം ചോദിക്കാതെ സായുധ ഉദ്യോഗസ്ഥരെ വീടിനുപുറത്ത് വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്നുമാണ് മഹുവ മൊയ്ത്ര കത്തിൽ പറയുന്നത്.

തനിക്ക് മാത്രം പ്രത്യേകമായി ഒന്നും ആവശ്യമില്ലെന്നും സുരക്ഷയുടെ ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി. താൻ ഒരു തരത്തിലുള്ള സുരക്ഷയും ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞ മഹുവ താൻ നിരീക്ഷണത്തിലാണെന്ന് തോന്നിപോകുന്നുവെന്നും തന്റെ സംരക്ഷണത്തിനായി സർക്കാർ വിഭവങ്ങൾ പാഴാക്കരുതെന്നും എല്ലാവരേയും സംരക്ഷിക്കണമെന്നും പറഞ്ഞു.

താമസ സ്ഥലത്തേക്കും പുറത്തേക്കുമുള്ള തന്റെ യാത്രാ വിവരങ്ങൾ ഉദ്യോഗസ്ഥർ കുറിച്ചുവെയ്ക്കുന്നതായും അവർ സംശയം പ്രകടിപ്പിച്ചു. ഒരുതരം നിരീക്ഷണത്തിലാണെന്ന് എനിക്ക് തോന്നുന്നു. സ്വകാര്യതയ്ക്കുള്ള അവകാശം, ഭരണഘടന പ്രകാരം രാജ്യത്തെ ഒരു പൗരനെന്ന നിലയിൽ ഉറപ്പുനൽകുന്ന ഒരു മൗലികാവകാശമാണെന്ന് ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു.

Exit mobile version