ഭീമ കൊറേഗാവ്: അറസ്റ്റിലായ മലയാളിയുടെ മാവോയിസ്റ്റ് ബന്ധം കേന്ദ്രം കെട്ടിച്ചമച്ചത്? മാൽവയർ ഉപയോഗിച്ച് കത്ത് റോണ വിൽസന്റെ ലാപ്‌ടോപ്പിൽ കയറ്റി; ഞെട്ടിക്കുന്ന വഴിത്തിരിവ്

മുംബൈ: കേന്ദ്ര സർക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കി ഭീമ കൊറേഗാവ് കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. കേസിൽ അറസ്റ്റിലായവർക്ക് എതിരെ തെളിവുകൾ കൃത്രിമമായി നിർമ്മിച്ചതാണെന്ന കണ്ടെത്തൽ നടത്തിയിരിക്കുകയാണ് അമേരിക്കൻ ഫോറൻസിക് ഏജൻസി. കേസിൽ പ്രതികളിലൊരാളായ മലയാളി സാമൂഹിക പ്രവർത്തകൻ റോണാ വിൽസന്റെ കംപ്യൂട്ടറിൽ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന കത്ത് മാൽവെയർ ഉപയോഗിച്ച് അന്വേഷണ ഏജൻസി നിക്ഷേപിച്ചതാണെന്ന് കണ്ടെത്തി.

റോണാ വിൽസണിന്റെ കപ്യൂട്ടറിൽ നിന്ന് കണ്ടെത്തിയ പത്ത് കത്തുകൾ മാൽവെയർ ഉപയോഗിച്ച് ഹാക്ക് ചെയ്ത് നിക്ഷേപിച്ചതാണെന്നാണ് അമേരിക്കയിലെ മുൻനിര ഫോറൻസിക് ഏജൻസിയായ ആർസണൽ കൺസൾട്ടൻസിയുടെ കണ്ടെത്തൽ. 300ലധികം മണിക്കൂർ നീണ്ട പരിശോധനയ്‌ക്കൊക്കൊടുവിലാണ് ഫോറൻസിക് സംഘം റിപ്പോർട്ട് തയാറാക്കിയത്. റോണാ വിൽസൺന്റെ അഭിഭാഷകനാണ് വിദഗ്ധ പരിശോധനയ്ക്കായി ഏജൻസിയെ സമീപിച്ചത്. എന്നാൽ ആരാണ് കത്തുകൾ കംപ്യൂട്ടറിൽ ഹാക്ക് ചെയ്ത് നിക്ഷേപിച്ചതെന്ന് വ്യക്തമല്ല. പക്ഷെ, കേന്ദ്ര ഏജൻസികളെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഈ കണ്ടെത്തൽ.

ഇക്കാര്യം വാഷിങ്ടൺ പോസ്റ്റാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2018ലാണ് റോണാ വിൽസൺ, വരവറാവു, സുധാ ഭരദ്വാജ് ഉൾപ്പടെയുള്ള സാമൂഹിക പ്രവർത്തകരെ ഭീമകൊറേഗാവ് കേസിൽ അന്നത്തെ ബിജെപി സർക്കാരിന്റെ കീഴിലുള്ള പുണെ പോലീസ് അറസ്റ്റ് ചെയ്തത്.

ഭീമ കൊറേഗാവിലുണ്ടായ സംഘർഷത്തിന് പിന്നിൽ ഇവരാണെന്നും കലാപത്തിന് ആഹ്വാനം നൽകിയെന്നും മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി കൊലപാതക മാതൃകയിൽ നരേന്ദ്ര മോഡിയെ വധിക്കാൻ പദ്ധതി തയ്യാറാക്കി എന്നൊക്കെയായിരുന്നു ഇവരുടെ ആരോപണം. ഇതിന് പ്രധാന തെളിവായി ചില കത്തുകൾ പ്രതികളുടെ ലാപ്‌ടോപ്പിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു.

2016 ജൂൺ 16നാണ് കത്തുകൾ നിക്ഷേപിക്കപ്പെട്ടത്. 2018 ജൂൺ 13ന് റോണാ വിൽസൺ അറസ്റ്റ് ചെയ്യപ്പെടുന്നത്. ‘ആർ ബാക്കപ്പ്’ എന്ന രഹസ്യ ഫോൾഡർ ഉണ്ടാക്കിയ ഹാക്കർ റോണാ വിൽസന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നതിന് തലേദിവസം വരെ 52 ഫയലുകൾ നിക്ഷേപിച്ചെന്നും ഫോറെൻസിക് റിപ്പോർട്ട് പറയുന്നു.

റിപ്പോർട്ട് പുറത്ത് വന്നതോടെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് റോണ വിൽസൺ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അതേസമയം, റോണ വിൽസന്റെ കംപ്യൂട്ടറിൽ മാൽവെയർ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നാണ് എൻഐഎ അഭിഭാഷകൻ പ്രതികരിച്ചത്.

മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിന്റെ പതനത്തോടെ പൂണെ പോലീസിൽ നിന്നും എൻഐഎ കേസ് ഏറ്റെടുത്തിരുന്നു. തുടർന്ന് ഡൽഹി സർവകലാശാലയിലെ മലയാളി അധ്യാപകനായ ഹാനി ബാബു, വൈദികൻ സ്റ്റാൻ സ്വാമി എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.

ഇപ്പോൾ കണ്ടെത്തൽ നടത്തിയിരിക്കുന്ന ആർസനൽ കൺസൾട്ടൻസി ബോസ്റ്റണിലെ മാരത്തൺ ബോംബിങ് ഉൾപ്പടെയുടെ വിവാദ കേസുകൾ തെളിയിക്കുന്നതിൽ പങ്ക് വഹിച്ച സ്ഥാപനമാണ്.

Exit mobile version