‘മിസിസ് ജൊനാസ് എന്താണ് കർഷക സമരത്തെ കുറിച്ച് ഒന്നും മിണ്ടാത്തത്’? പ്രിയങ്ക ചോപ്രയെ വിമർശിച്ച് മിയ ഖലീഫ

mia and priyanka

വിദേശ സെലിബ്രിറ്റികളെല്ലാം പിന്തുണച്ചിട്ടും ഇന്ത്യക്കാരായ താരങ്ങൾ കർഷക സമരത്തെ കുറിച്ച് ഉരിയാടാത്തത് ആഗോളതലത്തിൽ ചർച്ചയായിരിക്കുകയാണ്. വിദേശത്ത് നിന്നുള്ള വിമർശനങ്ങളെ അസഹിഷ്ണുതയോടെ നേരിട്ട ഇന്ത്യൻ സെലിബ്രിറ്റികൾ പക്ഷെ കർഷകരെ പിന്തുണയ്ക്കാതെ ഒഴിഞ്ഞുമാറുകയാണ്.

എന്നാൽ ഇപ്പോഴിതാ വിദേശത്ത് താമസമാക്കിയ ഇന്ത്യൻ താരം പ്രിയങ്ക ചോപ്രയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിയ ഖലീഫ. കർഷക സമരത്തിൽ പ്രിയങ്ക ചോപ്രയുടെ മൗനത്തെ മിയ ചോദ്യം ചെയ്യുകയാണ്.

‘എന്തുകൊണ്ടാണ് കർഷക സമരത്തെപ്പറ്റി ശ്രീമതി പ്രിയങ്ക ചോപ്രാ ജൊനാസ് ഒന്നും മിണ്ടാത്തത്?’ എന്നായിരുന്നു മിയ ട്വിറ്ററിലെഴുതിയത്. ‘മിസിസ് ജോനാസ് എന്തെങ്കിലും ശബ്ദിക്കുമോ? എനിക്ക് നല്ല ജിജ്ഞാസയുണ്ട്. ബെയ്‌റൂട്ട് സ്‌ഫോടന സമയത്ത് ഷക്കീറ മൗനം പാലിച്ചതു പോലെയാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്’-മിയ കുറിച്ചു.

കർഷക സമരത്തെ പിന്തുണച്ച് രംഗത്ത് വന്ന സെലിബ്രിറ്റികളിൽ പ്രധാനിയായിരുന്നു മിയ ഖലീഫ. രാജ്യത്ത് കർഷക സമരം ശക്തമാകുമ്പോഴും ഇതേപ്പറ്റി ഒന്നും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി നിൽക്കുന്ന പ്രിയങ്കയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ് മിയ.

നേരത്തെ, കർഷക സമരത്തിന്റെ തുടക്കത്തിൽ പ്രിയങ്ക താൻ കർഷകർക്ക് ഒപ്പമാണെന്ന് അറിയിച്ച് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അന്നത്തെ കർഷകർക്ക് അനുകൂലമായ പ്രിയങ്കയുടെ ട്വീറ്റ് ഏറെ ചർച്ചയുമായിരുന്നു. കർഷകർ തങ്ങളുടെ രാജ്യത്തിന്റെ യഥാർത്ഥ പോരാളികളാണെന്നും അവരുടെ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നുമായിരുന്നു പ്രിയങ്ക പറഞ്ഞത്.

എന്നാൽ പിന്നീട് താരം വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. ബോളിവുഡ്-ക്രിക്കറ്റ് താരങ്ങൾ ഒന്നടങ്കം വിദേശ താരങ്ങൾ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നത്തിൽ ഇടപെടേണ്ടെന്ന് അറിയിച്ച് രംഗത്തെത്തിയപ്പോഴും നിലപാട് വ്യക്തമാക്കാതെ പ്രിയങ്ക മാറി നിന്നിരുന്നു.

അതേസമയം, റിപബ്ലിക് ദിനത്തിന് ശേഷമാണ് കർഷക സമരത്തിന് പിന്തുണയുമായി മിയ രംഗത്തെത്തിയത്. എന്തൊരു മനുഷ്യവാകാശ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മിയ ഖലീഫ ചോദ്യം ചെയ്തിരുന്നു. ഡൽഹി ഇന്റർനെറ്റ് കണക്ഷൻ കട്ട് ചെയ്തതും മിയ ചൂണ്ടിക്കാട്ടി. പോപ് ഗായികയായ റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളായ മീനാ ഹാരിസ് തുടങ്ങി നിരവധി പേരാണ് കർഷകരെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version