പുതിയ വിഭാഗം സമര ജീവികളെന്ന് കർഷകരെ വിളിച്ച് മോഡി; സ്വാതന്ത്ര്യസമരത്തിൽ പോലും പങ്കെടുക്കാത്ത ബിജെപി അങ്ങനെ വിളിക്കുന്നതിൽ അഭിമാനമെന്ന് കർഷകർ

modi and kisan

ന്യൂഡൽഹി: കർഷകരെ സമര ജീവികളെന്ന് വിളിച്ച് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകൾ അഭിമാനമെന്ന് തിരിച്ചടിച്ച് പ്രക്ഷോഭം നയിക്കുന്ന കർഷക സംഘടനകൾ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിച്ചത് ഒരുകൂട്ടം സമര ജീവികളാണെന്നും അതിനാൽ സമര ജീവിയെന്നതിൽ അഭിമാനിക്കുന്നുവെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ പ്രധാനമന്ത്രിയെ ഓർമ്മപ്പെടുത്തി. രാജ്യത്ത് പുതിയൊരു വിഭാഗം സമര ജീവികൾ ഉദയം ചെയ്തിട്ടുണ്ടെന്നായിരുന്നു മോഡിയുടെ രാജ്യസഭയിലെ വിമർശനം.

അതേസമയം, ‘ബിജെപിയും അവരുടെ മുൻഗാമികളും ബ്രിട്ടീഷുകാർക്കെതിരേയുള്ള പ്രക്ഷോഭത്തിൽ ഒരിക്കലും പങ്കെടുത്തിട്ടില്ല. ജനങ്ങളുടെ പ്രക്ഷോഭങ്ങളെ അവർ എല്ലായ്‌പ്പോഴും ഭയപ്പെടുന്നു. ഇന്നത്തെ കർഷക സമരത്തെ ബിജെപിക്കാർ ഭയപ്പെടുന്നത് അതുകൊണ്ടാണ്’ എന്നും കർഷക സംഘടനകൾ വിമർശിച്ചു.

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ അപലപിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ സഹായിച്ചത് സമര ജീവികളാണെന്ന് മോഡിയെ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സമര ജീവിയായതിൽ അഭിമാനിക്കുന്നുവെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

ഇപ്പോഴും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെങ്കിൽ കൃഷി പാടങ്ങളിലേക്ക് തിരിച്ചുപോകാൻ കർഷകർക്ക് സന്തോഷമേയുള്ളു. സർക്കാരിന്റെ ധാർഷ്ട്യ മനോഭാവാണ് പ്രക്ഷോഭം നീണ്ടുപോകാൻ കാരണമെന്നും കർഷക നേതാക്കൾ ചൂണ്ടിക്കാണിച്ചു.

തിങ്കളാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൻ മേലുള്ള നന്ദി പ്രമേയത്തിലാണ് പ്രധാനമന്ത്രി മോഡി കർഷകരം അവഹേളിച്ചത്. എവിടെ പ്രതിഷേധമുണ്ടോ അവിടെ സമരജീവികളെ കാണാനാകും. ഇവർക്ക് സമരം ഇല്ലാതെ ജീവിക്കാനാകില്ല. ഇക്കൂട്ടരെ തിരിച്ചറിയണമെന്നും അവരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കണമെന്നുമാണ് മോഡി രാജ്യസഭയിൽ വിമർശിച്ചത്.

Exit mobile version