ജയലളിതയുടെ കാറില്‍, അണ്ണാഡിഎംകെയുടെ കൊടിവച്ച് ‘ചിന്നമ്മ’യുടെ മാസ് എന്‍ട്രി: ശശികലയുടെ മടങ്ങിവരവ് അങ്കം ഉറപ്പിച്ച്; സ്വീകരണത്തിനിടെ കാറുകള്‍ക്ക് തീപ്പിടിച്ചു

ചെന്നൈ: ബംഗളുരു ജയിലിലെ 4 വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് നാടകീയമായ രംഗപ്രവേശം നടത്തി ജയലളിതയുടെ തോഴി ശശികല. നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന തമിഴകത്തേക്കുള്ള മടങ്ങിവരവ് പാര്‍ട്ടി പിടിച്ചെടുക്കാന്‍ അങ്കത്തിനു തയ്യാര്‍ എന്ന് പ്രഖ്യാപിച്ചുകൊണ്ട് തന്നെയാണ്.

ജയലളിത ഉപയോഗിച്ചിരുന്ന അതേ കാറില്‍, അണ്ണാഡിഎംകെയുടെ കൊടിയുമായി സഞ്ചരിച്ച ശശികല പാര്‍ട്ടി അണികള്‍ക്കും നേതൃത്വത്തിനും വ്യക്തമായ സന്ദേശമാണു കൈമാറിയത്. അണികള്‍ക്കുള്ള സന്ദേശം, ജയലളിതയുടെ രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശി താനാണെന്നതാണ്. ഒത്തുതീര്‍പ്പിനു തയാറാകുക, അല്ലെങ്കില്‍ പോരാട്ടത്തിനൊരുങ്ങുകയെന്നതാണു നേതൃത്വത്തിനുള്ള മുന്നറിയിപ്പ്.

അണ്ണാഡിഎംകെയുടെ കൊടി വാഹനത്തില്‍ ഉപയോഗിക്കരുതെന്ന് കൃഷ്ണഗിരി പോലീസ് ശശികലയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ ശശികലയുടെ വാഹനത്തെ അനുമിക്കുന്നത് അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊലീസിന്റെ ഇത്തരം നിര്‍ദേശങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടിച്ചെന്ന് ശശികലയുടെ അഭിഭാഷകന്‍ അറിയിച്ചു.

ഇതിനിടെയാണ് കൃഷ്ണഗിരി ടോള്‍ഗേറ്റിന് സമീപത്ത് വച്ച് ശശികലയുടെ സ്വീകരണറാലിക്ക് എത്തിയ രണ്ട് കാറുകള്‍ക്ക് തീപിടിച്ചത്. സ്വീകരണത്തിന് പടക്കവുമായി എത്തിയ രണ്ടു കാറുകളാണ് കത്തി നശിച്ചത്. കൃഷ്ണഗിരി ടോള്‍ ഗേറ്റിന് സമീപമാണ് സംഭവം.

നാലുവര്‍ഷത്തെ ജയില്‍ വാസത്തിനും ആഴ്ചകള്‍ നീണ്ട കോവിഡ് ചികിത്സയ്ക്കും ശേഷം ബംഗളൂരുവില്‍ നിന്ന് ഇന്ന് രാവിലെയാണ് ശശികല ചെന്നൈയിലേക്ക് പുറപ്പെട്ടത്. വഴിനീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വീണ്ടും തമിഴക രാഷ്ട്രീയത്തെ ഇളക്കിമറിക്കാനാണ് ശശികല ശ്രമിക്കുന്നത്. അതിനിടെ കൃഷ്ണ ഗിരി ടോള്‍ ഗേറ്റിന് സമീപം സ്വീകരണം ഏറ്റുവാങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ശശികലയുടെ വാഹന വ്യൂഹം മുന്നോട്ടുനീങ്ങവേ, പ്രവര്‍ത്തകരുടെ അമിതമായ ആഹ്ലാദപ്രകടനമാണ് അപകടത്തിന് കാരണം. കാറിലുണ്ടായിരുന്ന പടക്കം പൊട്ടിയാണ് അപകടം ഉണ്ടായത്. ആര്‍ക്കും ആളപായമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈസമയത്ത് അഞ്ഞൂറോളം പ്രവര്‍ത്തകര്‍ സ്ഥലത്ത് ഉണ്ടായിരുന്നു. മാലയിട്ടും മറ്റു ശശികലയെ സ്വീകരിക്കുന്നതിനിടെയാണ് പടക്കം പൊട്ടിച്ചുള്ള ആഹ്ലാദ പ്രകടനം. അതിനിടെ ശശികലയുടെ വാഹനവ്യൂഹം യാത്ര തുടര്‍ന്നു.

അണ്ണാഡിഎംകെയില്‍ നിന്ന് ശശികലയെ ജയില്‍വാസകാലത്തിന് മുമ്പ് പുറത്താക്കിയതാണ്. അതിന് ശേഷമാണ് ടിടിവി ദിനകരന്റെ നേതൃത്വത്തില്‍ അമ്മ മക്കള്‍ മുന്നേറ്റകഴകം എന്ന പാര്‍ട്ടി രൂപീകരിച്ച് ശശികല ജയിലിലിരുന്ന് ദിനകരനെ സ്ഥാനാര്‍ത്ഥിയായി ആര്‍കെ നഗറില്‍ ഇറക്കിയത്. ജയലളിതയുടെ മരണശേഷം ഒഴിവുവന്ന ആര്‍കെ നഗര്‍ സീറ്റില്‍ അണ്ണാഡിഎംകെയെയും ഡിഎംകെയെയും തോല്‍പ്പിച്ച് ദിനകരന്‍ എംഎല്‍എയായി.

ജയലളിത അടക്കം പ്രതിയായിരുന്ന അഴിമതിക്കേസുകളില്‍ സുപ്രീംകോടതിയാണ് ശശികലയെ തടവുശിക്ഷയ്ക്ക് വിധിച്ചത്. ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു ശശികല. നാല് വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ് ജനുവരി 7-നാണ് ശശികല പുറത്തിറങ്ങിയത്.

ജയലളിതയുടെ സമാധിയിലെത്തി ശക്തിപ്രകടനം നടത്താനൊരുങ്ങുകയാണ് ചിന്നമ്മ. എന്നാല്‍ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ വിലക്ക് ലംഘിച്ചും സമാധിയിലെത്തും എന്നാണ് ശശികലയുടെ നിലപാട്. ശശികലയുടെ മടങ്ങിവരവ് പാര്‍ട്ടിയുടെ ശക്തി തെളിയിക്കുന്ന വന്‍പ്രകടനമാക്കി മാറ്റാനൊരുങ്ങുകയാണ് ടിടിവി ദിനകരന്‍.

ഇപ്പോഴും അണ്ണാഡിഎംകെയുടെ ജനറല്‍ സെക്രട്ടറി താനാണെന്നാണ് ശശികല അവകാശപ്പെടുന്നത്. ശശികലയെ പുറത്താക്കിയതിനെത്തുടര്‍ന്ന് ജയലളിതയുടെ സമാധിയില്‍ അടിച്ച് സത്യപ്രതിജ്ഞ ചെയ്താണ് അവര്‍ ജയിലിലേക്ക് പോയത്. തന്നെ പുറത്താക്കിയത് പാര്‍ട്ടി ചട്ടം ലംഘിച്ചാണെന്ന് അവര്‍ പറയുന്നു. അതിനാല്‍ത്തന്നെ ഇനിയും അണ്ണാഡിഎംകെയുടെ കൊടിയോ ചിഹ്നമോ ഉപയോഗിക്കാതിരിക്കില്ലെന്നും ശശികല പറയുന്നു.

കനത്ത സുരക്ഷാവലയത്തിലാമണ് കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിപ്രദേശങ്ങള്‍. 30 കാറുകളാണ് ശശികലയുടെ വാഹനത്തെ പിന്തുടരുന്നത്. നൂറുകണക്കിന് പൊലീസുകാരെയാണ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. അണ്ണാഡിഎംകെ ആസ്ഥാനത്തിന് ചുറ്റും മറീന ബീച്ചിലെ ജയലളിത സ്മാരകത്തിലും കനത്ത സുരക്ഷാവലയം പൊലീസ് തീര്‍ത്തിട്ടുണ്ട്.

ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം നടത്തിയ പരിശോധനയില്‍ അവര്‍ക്ക് കൊവിഡുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്ന്, അവരെ ചികിത്സയ്ക്കായി ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗമുക്തയായ ശശികല നാല് വര്‍ഷത്തിന് ശേഷം ചെന്നൈയിലേക്ക് മടങ്ങുകയാണ്. ഒരാഴ്ചത്തെ ഹോം ക്വാറന്റീന്‍ കഴിഞ്ഞ് ശശികല ചെന്നൈയിലെത്തും.

Exit mobile version