കളിച്ചത് രണ്ട് ടി20, പ്രകടനം മോശം; അർജുൻ തെണ്ടുൽക്കർ 20 ലക്ഷത്തിന് ഐപിഎൽ ലേലത്തിന്; കർഷകരെ തള്ളിപ്പറഞ്ഞ സച്ചിന് വേണ്ടി മുംബൈ വാങ്ങുമോയെന്ന് സോഷ്യൽമീഡിയ; വിവാദം

sachin tendulkar

ന്യൂഡൽഹി: കർഷക സമരത്തെ അനുകൂലിച്ച് വിദേശ സെലിബ്രിറ്റികൾ രംഗത്തെത്തിയതോടെ കേന്ദ്ര സർക്കാർ നയിച്ച ‘ഇന്ത്യ എഗയിൻസ്റ്റ് പ്രൊപ്പഗണ്ട’ ക്യാംപെയിന്റെ ഭാഗമായി സച്ചിൻ തെണ്ടുൽക്കർ എത്തിയത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ സച്ചിന്റെ മകൻ അർജുൻ തെണ്ടുൽക്കർ ഐപിഎൽ താരലേലത്തിന് രജിസ്റ്റർ ചെയ്തതോടെ സ്വജനപക്ഷപാതത്തിന്റെ പേരിലും സച്ചിൻ ക്രൂശിക്കപ്പെടുകയാണ്.

ഫെബ്രുവരി 18ന് നടക്കാൻ പോകുന്ന ഐപിഎൽ താരലേലത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അർജുനെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയേക്കുമെന്നാണ് സൂചന. അർജുനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയിലാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. സോഷ്യൽമീഡിയയിൽ വിഷയം വലിയ ചർച്ചയായിരിക്കുകയുമാണ്.

അർജുനെതിരെ സോഷ്യൽമീഡിയ തിരിയാൻ കാരണമായത് താരത്തിന് രണ്ട് ട്വന്റി20 മത്സരങ്ങളുടെ പരിചയം മാത്രമേ ഉള്ളൂവെന്നതാണ്. കൂടാതെ അടുത്തിടെ സമാപിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കായി അരങ്ങേറിയ താരത്തിന് വേണ്ടവിധത്തിൽ ശോഭിക്കാനും സാധിച്ചിരുന്നില്ല.

രണ്ട് മത്സരങ്ങൾ കളിച്ച അർജുൻ രണ്ട് വിക്കറ്റുകളും മൂന്ന് റൺസും മാത്രമാണ് നേടാനായത്. ഹരിയാനക്കെതിരായ ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ അർജുൻ മൂന്നോവറിൽ 34 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു. പുതുച്ചേരിക്കെതിരായ രണ്ടാം മത്സരത്തിൽ മൂന്ന് റൺസ് സ്‌കോർ ചെയ്യുകയും 33 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് മത്സരങ്ങളിലും മുംബൈ തോറ്റു. ഈ മോശം റെക്കോർഡ് കൈയ്യിലുള്ള താരത്തിന് ലേലത്തിൽ പ്രാധാന്യം ലഭിച്ചതോടെയാണ് ഐപിഎൽ പ്രവേശനത്തെ ചോദ്യം ചെയ്ത് ആരാധകർ രംഗത്തെത്തിയത്.

കർഷക സമരത്തിനെതിരെ നിലപാടെടുത്ത് വിവാദത്തിലായ സച്ചിൻ കേന്ദ്ര സർക്കാരിന്റെ നാവായത് ആരാധകരെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം കലൂർ സ്‌റ്റേഡിയത്തിലെ സച്ചിൻ പവലിയന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ താരത്തിന്റെ കട്ടൗട്ടിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചിരുന്നു.

അതേസമയം, അർജുൻ തെണ്ടുൽക്കർ പങ്കുടുക്കുന്ന ഐപിഎൽ താരലേലത്തിൽ 1097 കളിക്കാരാണ് രജിസ്റ്റർ ചെയ്തത്. ഇന്ത്യക്കായി കളിച്ച 21 പേർ ഉൾപ്പെടെ 207 രാജ്യാന്തര താരങ്ങളാണ് രജിസ്റ്റർ ചെയ്തത്. 863 പേർ ഇതുവരെ ഐപിഎൽ കളിക്കാത്തവരാണ്. 75 ലക്ഷം അടിസ്ഥാന വിലയുമായി മലയാളി താരം എസ് ശ്രീശാന്തും ഐപിഎൽ ലേലത്തിന് ഇത്തവണയുണ്ട്. ഏറ്റവും കൂടുതൽ കളിക്കാരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് വെസ്റ്റ്ഇൻഡീസാണ്. 56 പേരുള്ള പട്ടികയാണ് വിൻഡീസിന്റേത്. ഓസ്‌ട്രേലിയ (42), ദക്ഷിണാഫ്രിക്ക (38), ശ്രീലങ്ക (31), അഫ്ഗാൻ (30) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ.

Exit mobile version