തെരുവുനായയും പുള്ളിപ്പുലിയും ഏറ്റുമുട്ടി; ഒടുവില്‍ പുള്ളിപ്പുലിക്ക് ദാരുണാന്ത്യം!

Leopard cub | Bignewslive

മാണ്ഡ്യ: തെരുവുനായയും പുള്ളിപ്പുലിയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പുള്ളിപ്പുലിക്ക് ദാരുണാന്ത്യം. കര്‍ണാടക മാണ്ഡ്യയിലാണ് വിചിത്ര സംഭവം. വെള്ളിയാഴ്ചയാണ് തെരുവുനായയെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലി നായയുടെ ആക്രമണത്തില്‍ ചത്തത്. ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കുകളേറ്റ നായ കുറെകഴിഞ്ഞ് ചത്തു.

നായയും പുള്ളിപ്പുലിയും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ലക്ഷണത്തില്‍ നായയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും അറിയിക്കുന്നു. നായയുടേയും പുള്ളിപ്പുലിയുടേയും മൃതദേഹം പോസ്റ്റ്‌മോര്ട്ടത്തിനായി കൊണ്ടുപോയി. ആറുമാസത്തോളം പ്രായമുള്ള പുള്ളിപ്പുലിയാണ് ചത്തിട്ടുള്ളത്.

കന്നുകാലികളെ ആളുകള്‍ സംരക്ഷിക്കുന്ന സാഹചര്യത്തിലാകാം വന്യമൃഗങ്ങള്‍ തെരുവുനായകള്‍ക്കെതിരെ തിരിയുന്നതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിരീക്ഷണം. സാധാരണ നിലയില്‍ തെരുവുനായകളെ ആക്രമിച്ച് വീഴ്ത്താന്‍ പുള്ളിപ്പുളികള്‍ക്ക് നിസാരമായി സാധിക്കും. നിരവധി തെരുവുനായകളുള്ള ഗ്രാമങ്ങളിലേക്കും പുള്ളിപ്പുലി പോലുള്ള വന്യമൃഗങ്ങള്‍ എത്താറുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കുരച്ച് ബഹളമുണ്ടാക്കുന്ന നായ്ക്കളെ ആക്രമിച്ച് കഴുത്തിന് പിടികൂടിയാണ് സാധാരണ ഗതിയില്‍ വന്യമൃഗങ്ങള്‍ കൊല്ലാറുള്ളത്. എന്നാല്‍ ഇത്, ഏവരെയും അമ്പരപ്പിക്കുന്നത് കൂടിയാണെന്ന് അധികൃതര്‍ പറയുന്നു. ഗ്രാമത്തിലുള്ളവര്‍ സ്ഥിരമായി ഭക്ഷണം നല്‍കുന്ന കരുത്തനായ നായയെ ഇരയാക്കാനുള്ള പുള്ളിപ്പുലിയുടെ ശ്രമമാണ് ഇവിടെ പാളിയത്.

Exit mobile version