അമ്മപ്പുലിയും കൂടപ്പിറപ്പും കാട്ടിൽ; കുപ്പിപാൽ കുടിച്ചും കരടിപ്പാവയ്‌ക്കൊപ്പം കളിച്ചും ഉറങ്ങിയും നാട്ടിൽ കുട്ടിപ്പുലിയുടെ വാസവും, വിശേഷങ്ങൾ ഇങ്ങനെ

പാലക്കാട്: അമ്മപ്പുലിയും കൂടപ്പിറപ്പും കാട്ടിലും നാട്ടിലുമായി ഒളിഞ്ഞ് മറിഞ്ഞ് നടക്കുമ്പോൾ കരടിപ്പാവയ്‌ക്കൊപ്പം കളിച്ചും ഉറങ്ങിയും കൂട്ടിൽ ദിവസങ്ങൾ തള്ളി നീക്കുകയാണ് കുട്ടിപ്പുലി. താഴത്തും തറയിലും വെയ്ക്കാതെ പൊന്നുപോലെ സംരക്ഷിക്കുകയാണ് ഡോക്ടർമാരും. അകത്തേത്തറ ഉമ്മിനിയിൽ ആളൊഴിഞ്ഞ വീട്ടിൽ പിറന്ന, അമ്മയെ വേർപിരിഞ്ഞ പുലിക്കുഞ്ഞിന് സർവ്വ സുഖസൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. വനംവകുപ്പിനു കീഴിലുള്ള അകമല അസിസ്റ്റന്റ് വെറ്ററിനറി ഓഫിസറുടെ കാര്യാലയത്തിൽ അമ്മയില്ലാതെ ‘പുപ്പുലിയായി’ വളരുകയാണ്.

ആളൊഴിഞ്ഞ വീട്ടിൽ 2 മക്കളെ പെറ്റിട്ടുപോയ അമ്മപ്പുലിയെ കണ്ടെത്താൻ കെണിവച്ചപ്പോൾ ഒരു കുഞ്ഞിനെ മാത്രമാണ് കൊണ്ടുപോയത്. മറ്റൊന്ന് അനാഥയായി കൂട്ടിൽ തന്നെ കഴിയുകയായിരുന്നു. കുഞ്ഞിനെ വെച്ച് അമ്മപ്പുലിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായിരുന്നു. എന്നാൽ, വനംവകുപ്പിന്റെ ഓഫിസിൽ പരിചരണം മതിയാകില്ലെന്നതിനാലാണ് കുഞ്ഞിനെ അകമലയിലേയ്ക്ക് എത്തിച്ചത്. ഇവിടെ വൻ സൗകര്യങ്ങളാണ് ഇവനായി ഒരുക്കിയിരിക്കുന്നത്.

മനുഷ്യക്കുഞ്ഞുങ്ങളെ നിയോനാറ്റൽ ഐസിയുവിൽ നോക്കുന്നതു പോലെയാണ് ഇവിടുത്തെ പരിപാലനം. ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണു കുട്ടിപുലിയുടെ പരിചരണം. പാലും ചില മരുന്നുകളും നൽകുന്നുണ്ട്. വൈറ്റമിൻ ഡിയുടെ കുറവ് പരിഹരിക്കാനാണു സൺബാത്ത്. അതിനു ശേഷം നനവുള്ള പേപ്പർ കൊണ്ട് ശരീരമാകെ വൃത്തിയാക്കും. ഒപ്പം മുറിയും അണുവിമുക്തമാക്കും. പതിനൊന്നരയോടെ സൺബാത്ത് കഴിയുമ്പോഴേക്കും പാൽക്കുപ്പി റെഡിയാകും. ഒരു ദിവസം 150 മില്ലിലീറ്റർ പാലാണു ക്വാട്ട. പാലു കുടിച്ചാൽ നല്ല ഒരു ഉറക്കവും.

കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട പ്രദീപിന്റെ ഭാര്യയ്ക്ക് താലൂക്ക് ഓഫീസില്‍ നിയമനം

അമ്മയില്ലാത്ത ഏകാന്തത പരിഹരിക്കാൻ ഒരു കരടിപ്പാവയെയും അധികൃതർ നൽകിയിട്ടുണ്ട്. രോമങ്ങളൊക്കെയുള്ള ഈ പാവയോട് ചേർന്നു കിടന്നാണ് കളിയും ഉറക്കവും. അമ്മയെ പിരിഞ്ഞതിന്റെ ഡിപ്രഷൻ മാറാനാണത്രേ ഈ രീതി പരീക്ഷിക്കുന്നത്. അകമലയിൽ എത്തുമ്പോൾ കഷ്ടി അരക്കിലോ മാത്രമാണു തൂക്കമെങ്കിൽ ഇന്ന് അത് 100150 ഗ്രാം വർധിച്ചു. മൂന്നുമാസം കൊണ്ട് തൂക്കം കാര്യമായി വർധിക്കും. പൂച്ചയുടേതു മാതിരിയുള്ള ശബ്ദമിപ്പോൾ മുരൾച്ചയായി മാറി.

പുലി, കടുവ ഉൾപ്പെയുള്ള മൃഗങ്ങളെ പിടികൂടിയാൽ കൈകാര്യം ചെയ്യേണ്ടതു സംബന്ധിച്ച് നിയമങ്ങളുണ്ട്. അതു പാലിച്ചാകും പരിചരണത്തിലുള്ള പുലിക്കുട്ടിയുടെ കാര്യത്തിൽ തീരുമാനം കൈകൊള്ളുകയെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, മനുഷ്യസാന്നിധ്യമേറ്റതിനാൽ അമ്മപ്പുലി സ്വീകരിക്കുമോ എന്ന ആശങ്കയും നിഴലിക്കുന്നുണ്ട്.സാധാരണഗതിയിൽ പുലിയെ റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിടുന്നതാണു പതിവ്. പക്ഷേ, വളർന്നു വരുന്ന കുഞ്ഞിന്റെ കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ചാൽ കുരുങ്ങുമോ എന്ന ഭയവും വെല്ലുവിളിയാകുന്നു. ഈ സാഹചര്യത്തിൽ തൽക്കാലം കുഞ്ഞ് വളരട്ടെ, എന്നിട്ടു തീരുമാനിക്കാം എന്ന നിലപാടിലാണു വനംവകുപ്പ്.

Exit mobile version