ഒരുമിച്ച് നിൽക്കാം; കർഷകർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമെന്ന് കോഹ്‌ലി; ഇന്റർനെറ്റ് വിച്ഛേദിച്ച് ബിജെപിക്കാർ കല്ലെറിഞ്ഞപ്പോൾ മിണ്ടാത്ത സച്ചിൻ നട്ടെല്ലില്ലാത്ത സർക്കാർ സെലിബ്രിറ്റിയെന്ന് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: രാജ്യത്തെ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി വിദേശ സെലിബ്രിറ്റികൾ എത്തിയതോടെ കേന്ദ്ര സർക്കാരിനുണ്ടായ അന്താരാഷ്ട്രതലത്തിലെ നാണക്കേട് മറയ്ക്കാൻ പിന്തുണയുമായി രാജ്യത്തെ സെലിബ്രിറ്റികൾ. ക്രിക്കറ്റിലേയും ബോളിവുഡിലേയും നിരവധി താരങ്ങളാണ് കേന്ദ്രത്തിനൊപ്പം നിന്ന് കർഷക സമരത്തെയും അന്താരാഷ്ട്ര പിന്തുണയേയും തള്ളിക്കളഞ്ഞിരിക്കുന്നത്. വിദേശികളുടെ പിന്തുണ പ്രൊപഗാന്റയെന്നാണ് ഇന്ത്യയിലെ സെലിബ്രിറ്റികളുടെ അഭിപ്രായം. സച്ചിൻ തെണ്ടുൽക്കറും അക്ഷയ് കുമാറും അടക്കമുള്ള നിരവധി ആരാധകരുള്ള താരങ്ങൾ കേന്ദ്രത്തിന് കണ്ണുമടച്ച് പിന്തുണയുമായി എത്തിയതിനിടെ വ്യത്യസ്തമായ കാഴ്ചപ്പാടുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ‘ഇത്തരമൊരു തർക്ക സാഹചര്യത്തിൽ എല്ലാവർക്കും ഒരുമിച്ച് നിൽക്കാം’- എന്നാണ് വിരാട് ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘അഭിപ്രായ വ്യത്യാസങ്ങളുടെ ഈ മണിക്കൂറുകളിൽ നമുക്കെല്ലാവർക്കും ഒരുമിച്ച് നിൽക്കാം. കർഷകർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ട് പോവാനും എല്ലാ പാർട്ടികൾക്കും ഇടയിൽ സൗഹാർദപരമായ പരിഹാരം ഉണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്,’ വിരാട് കോഹ്‌ലി ട്വീറ്റ് ചെയ്തു. ഇന്ത്യാ ടുഗെദർ എന്ന ഹാഷ്ടാഗും വിരാട് കോലി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സച്ചിനും ബോളിവുഡ് സെലിബ്രിറ്റികളും ഉപയോഗിച്ച ഇന്ത്യ എഗെയ്ൻസ്റ്റ് പ്രൊപഗാന്റ എന്ന ഹാഷ് ടാഗ് കോഹ്‌ലി ഉപയോഗിച്ചിട്ടില്ല.

നേരത്തെ, കർഷകസമരത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാനയും പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംൻബെർഗും രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു സച്ചിന്റെ പരാമർശം. ‘ഇന്ത്യയുടെ പരമാധികാരത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ല. വിദേശികൾക്ക് കാഴ്ച്ചക്കാരാവാം എന്നാൽ പ്രതിനിധികളാവാൻ ശ്രമിക്കേണ്ടതില്ല. ഇന്ത്യക്ക് സ്വന്തം ജനതയെ നന്നായി അറിയാവുന്നത്. ഒരു ജനതയായി തുടരാം.’-എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

ഈ പ്രതികരണത്തിന് പിന്നാലെ നിരവധി വിമർശനങ്ങളും സച്ചിൻ നേരിട്ടു. കേന്ദ്രസർക്കാർ പ്രതിരോധത്തിലാകുമ്പോൾ സഹായിക്കാനായി താരങ്ങൾ എത്തുമെന്നാണ് പ്രധാന വിമർശനം.

സച്ചിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് അഡ്വ. പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിരുന്നു. ‘വമ്പൻമാരായ ഇന്ത്യൻ സെലിബ്രിറ്റികളായ ഇവരെല്ലാം കർഷകർ സമരം ചെയ്തപ്പോഴും, അവർക്ക് വൈദ്യുതി ഇല്ലാതാക്കിയപ്പോഴും, ഇന്റർനെറ്റ് വിച്ഛേദിച്ചപ്പോഴും, ബിജെപിക്കാർ കല്ലെറിഞ്ഞപ്പോഴും മിണ്ടാതിരിക്കുകയായിരുന്നു. റിഹാനയും ഗ്രേറ്റയും മിണ്ടിതുടങ്ങിയപ്പോൾ അവരും സംസാരിക്കുന്നു. നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സർക്കാർ സെലിബ്രിറ്റികൾ.’- എന്നാണ് അദ്ദേഹത്തിന്റെ വിമർശനം.

Exit mobile version