ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ്; ഇരുപത്തിയഞ്ചുകാരി അയിഷ അസീസ്

ബോംബെ: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി അയിഷ അസീസ്. 25 കാരിയായ അയിഷ കാശ്മീര്‍ സ്വദേശിനിയാണ്. അയിഷ ബോംബെ ഫ്‌ലൈയിങ് ക്ലബില്‍ നിന്നാണ് ഏവിയേഷന്‍ ബിരുദം പൂര്‍ത്തിയാക്കിയത്.

15ാം വയസ്സില്‍ സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയ അയിഷ അടുത്ത വര്‍ഷം റഷ്യയിലെ സോകോള്‍ എയര്‍ബേസില്‍ മിഗ്-29 വിമാനം പറത്തി പരിശീലനം നടത്തി. 2017ല്‍ ഇവര്‍ വാണിജ്യ ലൈസന്‍സും സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളിലായി കാശ്മീരിലെ സ്ത്രീകള്‍ നല്ല പുരോഗമനം കാഴ്ചവെക്കുന്നുണ്ടെന്ന് അയിഷ എഎന്‍ഐയോട് പറഞ്ഞു. ”കശ്മീരി വനിതകള്‍ ഇപ്പോള്‍ നല്ല പുരോഗമനം കാഴ്ചവെക്കുന്നുണ്ട്. പ്രത്യേകിച്ച് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍. കശ്മീരിലെ മറ്റു വനിതകളും മാസ്റ്റേഴ്‌സോ ഡോക്ടറേറ്റോ ചെയ്യുകയാണ്.”- അയിഷ പറഞ്ഞു.

തനിക്ക് ചെറുപ്പം മുതല്‍ യാത്രകള്‍ ഇഷ്ടമായിരുന്നു, പറക്കുന്നതിനോട് വലിയ ആകര്‍ഷണവും ഉണ്ടായി അതാണ് തന്നെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചത്. പൈലറ്റാവുക എന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ ഒരു ജോലിയാണ്. സാധാരണ ജോലികളെപ്പോലെ 9 മുതല്‍ അഞ്ച് വരെയല്ല പൈലറ്റിനു ജോലി ചെയ്യേണ്ടി വരുന്നത്.

പുതിയ സ്ഥലങ്ങള്‍, വ്യത്യസ്ഥ കാലാവസ്ഥകള്‍, പുതിയ ആളുകള്‍ തുടങ്ങിയവയെല്ലാം നേരിടാന്‍ എപ്പോഴും തയ്യാറായിരിക്കണമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 200 യാത്രക്കാരുടെ ജീവന്‍ പൈലറ്റിന്റെ കയ്യിലാണ് അതിനാല്‍ വളരെയധികം ഉത്തരവാദിത്വമുളള ജോലിയാണിതെന്നും അയിഷ കൂട്ടിച്ചേര്‍ത്തു.

Exit mobile version