സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; യുപി ആരോഗ്യവകുപ്പ് നാണക്കേടിൽ

uttar-pradesh

ലഖ്‌നൗ: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഉത്തർപ്രദേശ് ആരോഗ്യവകുപ്പിൽ വൻ തട്ടിപ്പ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പോലീസ്. ബറേലി സിഎംഒ(ചീഫ് മെഡിക്കൽ ഓഫീസർ) ഓഫീസിലെ ക്ലാർക്കുമാരും ജില്ലാ വനിതാ ആശുപത്രിയിലെ ഉദ്യോഗസ്ഥരുമാണ് ഒട്ടേറേപേരെ കബളിപ്പിച്ച് പണം തട്ടിയത്.

അടുത്തിടെ പ്രവർത്തനമാരംഭിച്ച പുതിയ സർക്കാർ ആശുപത്രിയിൽ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. അമ്പതോളം പേരാണ് തട്ടിപ്പിനിരയായതെന്ന് പോലീസ് പറഞ്ഞു. പണം നൽകി ജോലി ലഭിക്കാതെ കബളിപ്പിക്കപ്പെട്ടയാൾ പരാതി നൽകിയതോടെയാണ് വൻ തട്ടിപ്പിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയത്. 2019ലായിരുന്നു തട്ടിപ്പിന്റെ തുടക്കം. ആശുപത്രിയിലെ സൂപ്പർവൈസർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ, ലാബ് ടെക്‌നീഷ്യൻ, ഡ്രൈവർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതായാണ് പറഞ്ഞാണ് തട്ടിപ്പ് നടന്നത്.

ബറേലി ചീഫ് മെഡിക്കൽ ഓഫീസറാണ് ഈ നിയമനം നടത്തുന്നതെന്നും അഞ്ച് ലക്ഷം രൂപ നൽകിയാൽ ജോലി ലഭിക്കുമെന്നും പ്രതികൾ വിശ്വസിപ്പിച്ചു. തുടർന്ന് അമ്പതോളം പേർ ഇവർക്ക് അഡ്വാൻസ് ആയി മൂന്ന് ലക്ഷം വീതം നൽകി. പക്ഷേ, പണം നൽകി ഏറെനാൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്നപ്പോൾ ഉദ്യോഗാർഥികൾ ക്ലാർക്കുമാരോട് വിവരം തിരക്കി. ഇതോടെ 2020 മാർച്ചിൽ ഇവർക്ക് ചീഫ് മെഡിക്കൽ സൂപ്രണ്ടിന്റെ പേരിലുള്ള വ്യാജ നിയമന ഉത്തരവ് നൽകി. പിന്നീട് കോവിഡും ലോക്ക്ഡൗണും വന്നത് പ്രതികൾക്ക് സഹായകരമായി.

ആശുപത്രി കോവിഡ് സെന്ററാക്കിയെന്നും അതിനാൽ നിയമനം വൈകുന്നെന്നുമാണ് ഇവർ ഉദ്യോഗാർത്ഥികളെ അറിയിച്ചത്. ഇതിനിടെ, കഴിഞ്ഞ ഓഗസ്റ്റിൽ പ്രതികളായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഉദ്യോഗാർത്ഥികൾക്ക് വൈദ്യപരിശോധനയും നടത്തി. ഇതെല്ലാം കഴിഞ്ഞ് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി ജോലിക്ക് ചേരാനെത്തിയതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടത് ഇവർ ്‌റിഞ്ഞത്. ഇതോടെയായിരുന്നു പോലീസിൽ പരാതി നൽകിയത്.

Exit mobile version